നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത അബുദാബി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പാര്‍ക്കിംഗ് ബേയിലേക്കു നീങ്ങുന്നതിനിടെ ട്രാക്കില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണ്. ട്രാക്കില്‍ നിന്നും തെന്നിമാറിയ വിമാനത്തിന്റെ പിന്‍ഭാഗത്തെ ചക്രങ്ങള്‍ ഓടയില്‍ കുരുങ്ങി ഇരു എഞ്ചിനുകളും നിലത്തു മുട്ടിയ നിലയിലാണ് നിന്നത്. വന്‍ ദുരന്തത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. അബുദാബിയില്‍ നിന്നുള്ള വിമാനം പുലര്‍ച്ചെ 2.40-നാണ് നെടുമ്പാശ്ശേരിയില്‍ ലാന്‍ഡ് ചെയ്തത്. ഈ സമയത്ത് നല്ല മഴയുണ്ടായിരുന്നു.
റണ്‍വേക്കും പാര്‍ക്കിങ് ബേയ്ക്കും ഇടയ്ക്കുള്ള ടാക്‌സി വേയില്‍ നിന്നാണ് വിമാനം തെന്നിമാറിയതെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. നിര്‍ദ്ദിഷ്ട പരിധിക്കു മുമ്പായി വിമാനം തിരിച്ചതാണ് അപകടകാരണമെന്നും അവര്‍ പറഞ്ഞു. പൈലറ്റിന്റെ വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവം അന്വേഷിക്കുന്നുണ്ട്. വിമാനത്താവളത്തില്‍ മറ്റു സര്‍വീസുകളെ അപകടം ബാധിച്ചിട്ടില്ല.
ലഗേജ് ഭാഗത്തെ വാതിലുകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ ലഗേജില്ലാതെയാണ് യാത്രക്കാര്‍ മടങ്ങിയത്. ഇവ പിന്നീട് യാത്രക്കാര്‍ക്ക് എത്തിച്ചു കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം അപകടസ്ഥലത്തു നിന്നു നീക്കാന്‍ എയര്‍ ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി.