Sorry, you need to enable JavaScript to visit this website.

സ്പ്രിംഗ്ലർ വിവാദം: ഐ.ടി സെക്രട്ടറിയുടെ  വിശദീകരണത്തിനു ശേഷവും സംശയം ബാക്കി

തിരുവനന്തപുരം- കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വ്യക്തിഗത വിവരങ്ങൾ ആർക്കും കൈമാറില്ലെന്ന് ഐ.ടി വകുപ്പ് സെക്രട്ടറി എം.ശിവശങ്കരൻ വ്യക്തമാക്കിയിട്ടും ഇതിനു പിന്നിൽ ആരായിരുന്നെന്ന സംശയം നിലനിൽക്കുന്നു. 
സ്വകാര്യ വിവരങ്ങൾ കൈമാറാതിരിക്കാനായി നടപടികളും മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും വിവരങ്ങൾ പൂർണമായും സർക്കാർ ഉടമസ്ഥതയിലായിരിക്കുമെന്നും ഐ.ടി സെക്രട്ടറി വ്യക്തമാക്കുന്നു. ഇക്കാര്യം കസ്റ്റമൈസേഷൻ കരാറിലും വ്യക്തമാക്കിയിട്ടുണ്ടത്രെ. കോവിഡ് രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങൾ അമേരിക്കൻ സ്പ്രിംഗ്ലറിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് ഡാറ്റ പുറത്ത് പോകാൻ കാരണമാകുമെന്നും ഇതിനു പിന്നിൽ അഴിമതിയുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.


സ്പ്രിംഗ്ലർ വിവാദത്തിൽ പ്രതിപക്ഷം നിലപാട് കടുപ്പിക്കുമ്പോൾ കൃത്യമായ മറുപടി കൊടുക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത് പാർട്ടിക്കുള്ളിലും ഇടതു മുന്നണിയിലും അതൃപ്തി സൃഷ്ടിച്ചു. പ്രതിപക്ഷത്തിന് മുഖ്യമന്ത്രി എന്തിനാണ് വടി കൊടുത്തതെന്നാണ് അവരുടെ ചോദ്യം. കൂട്ടായ ആലോചനയില്ലാതെ ഐ.ടി വകുപ്പെടുത്ത തീരുമാനത്തിനെതിരെ പ്രതിഷേധമുണ്ടെങ്കിലും, മുഖ്യമന്ത്രിക്ക് പിന്തുണ കൊടുക്കാനാണ് നേതാക്കളുടെ പൊതു തീരുമാനം. എന്നാൽ വീണു കിട്ടിയ അവസരം പരമാവധി മുതലാക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബി.ജെ.പി സംസ്ഥാന നേതൃത്വം പോലും സർക്കാരിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന അവസരത്തിൽ യു.ഡി.എഫിന്റെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത് ക്ഷീണമായിട്ടാണ് ഘടകകക്ഷി നേതാക്കൾ വിലയിരുത്തുന്നത്. പതിവ് വാർത്താ സമ്മേളനങ്ങളിൽ തലനാരിഴ കീറി വിവരങ്ങൾ പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ഒഴിഞ്ഞു മാറിയതെന്ന ചിന്ത സി.പി.എം-എൽ.ഡി.എഫ് കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് എന്തായിരുന്നു താൽപര്യമെന്നും വ്യക്തമല്ല. 


ഡാറ്റാ കൈമാറ്റം, സ്വകാര്യതാ സംരക്ഷണം എന്നീ വിഷയങ്ങളിൽ വ്യക്തമായ നിലപാടുള്ള സി.പി.എമ്മും സി.പി.ഐയും വളരെ ഗൗരവത്തോടെയാണ് ഇക്കാര്യം കാണുന്നത്. സംസ്ഥാന സർക്കാരിന്റെ ഐ.ടി വകുപ്പിനില്ലാത്ത സൗകര്യങ്ങൾ ഒരു അമേരിക്കൻ കമ്പനി സൗജന്യമായി നൽകുമ്പോൾ അവർക്കെന്ത് ലാഭമെന്ന ചിന്ത സ്വാഭാവികമാണ്. ഡാറ്റാ കച്ചവടമെന്ന പ്രതിപക്ഷാരോപണം ഇവിടെയാണ് പ്രസക്തമാകുന്നത്. ആരോഗ്യ വകുപ്പോ, തദ്ദേശ സ്വയംഭരണ വകുപ്പോ, മറ്റ് മന്ത്രിമാരോ ഒന്നും ഇതറിഞ്ഞിട്ടില്ല. ഇതിൽ ചോരാനെന്തിരിക്കുന്നു എന്ന ദുർബല ചോദ്യങ്ങളുയർത്തുന്ന മന്ത്രിമാർക്ക് പലതുമുണ്ടെന്ന മറുപടിയാണ് പ്രതിപക്ഷത്തിനുള്ളത്. ഐ.ടി സെക്രട്ടറിയിലൂടെ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് പ്രതിപക്ഷം നീങ്ങുമ്പോൾ പ്രത്യയശാസ്ത്ര പ്രശ്‌നമായി സ്പ്രിംഗ്ലർ വിവാദം സി.പി.എമ്മിനുള്ളിലും ചർച്ചയാകും.

 

Latest News