കൊച്ചി- എറണാകുളം ജില്ലയിൽ ഇന്നലെ വീടുകളിൽ നിരീക്ഷണത്തിനായി 94 പേരെ പുതിയതായി ഉൾപ്പെടുത്തി. വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 497 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 1629 ആയി. ഇതിൽ 1430 പേർ ഹൈ റിസ്‌ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും, 199 പേർ ലോ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്. ഇന്നലെ ജില്ലയിൽ നാലു പേരെ കൂടി ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാൾ കളമശ്ശേരി മെഡിക്കൽ കോളജിലും, രണ്ടുപേർ ആലുവ ജില്ലാ ആശുപത്രിയിലും ഒരാൾ സ്വകാര്യ ആശുപത്രിയിലുമാണ്. ഇന്നലെ രണ്ടു പേരെ വീതം കളമശ്ശേരി മെഡിക്കൽ കോളേജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽനിന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ 28 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. ഇതിൽ 12 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലും രണ്ടു പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും മൂന്ന് പേർ ആലുവ ജില്ലാ ആശുപത്രിയിലും രണ്ട് പേർ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും ഒമ്പതു പേർ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
നിലവിൽ ആശുപത്രികളിൽ ഐസൊലേഷനിൽ ഉള്ളവരിൽ ഏഴുപേരാണ് കോവിഡ് പോസിറ്റീവ് ആയി ജില്ലയിൽ ചികിൽസയിൽ തുടരുന്നത്. ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്. ഇന്നലെ ജില്ലയിൽ നിന്നും 22 സാമ്പിളുകൾ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്. 34 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 116 പരിശോധന ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐ. സി. യു മാനേജ്‌മെന്റ്, ഓക്സിജൻ തെറാപ്പി, വെന്റിലേറ്റർ ഫങ്ക്ഷനിങ് , പി പി ഇ കിറ്റ് ധരിക്കേണ്ട രീതി തുടങ്ങിയവയെക്കുറിച്ച് എറണാകുളം ജനറൽ ആശുപത്രിയിൽ പരിശീലനം സംഘടിപ്പിച്ചു. ജില്ലയിൽ പ്രവർത്തനം ആരംഭിച്ച രണ്ട് കോവിഡ് കെയർ സെന്ററുകളിലായി 28 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ തൃപ്പൂണിത്തുറയിലാണ് 26 പേർ നിരീക്ഷണത്തിൽ കഴിയുന്നത്. രണ്ടു പേർ നെടുമ്പാശ്ശേരിയിലും. അതിഥി തൊഴിലാളികൾക്കിടയിൽ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നലെ രണ്ട് മൊബൈൽ മെഡിക്കൽ ടീമുകൾ 677 പേർക്ക് ബോധവത്ക്കരണ ക്ലാസുകൾ നൽകി.