റിയാദ് - രോഗികള്‍ക്ക് മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് ആരോഗ്യ മന്ത്രാലയവും സൗദി പോസ്റ്റും ധാരണാപത്രം ഒപ്പുവെച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായാണിത്. വീടുകളില്‍ തന്നെ കഴിയുന്നതിന് സൗദി പൗരന്മാരെയും വിദേശികളെയും ഇതു സഹായിക്കും.
ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ നാലു ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കാണ് ഇതു പ്രകാരം സൗദി പോസ്റ്റ് സൗജന്യമായി മരുന്നുകള്‍ എത്തിച്ചുനല്‍കുക. റിയാദ് കിംഗ് സല്‍മാന്‍ ആശുപത്രി, ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രി, ബുറൈദ കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി, അല്‍ഹസ മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കാണ് സൗദി പോസ്റ്റ് മരുന്നുകള്‍ വീടുകളില്‍ എത്തിച്ചുനല്‍കുക.
മരുന്ന് കുറിപ്പടികള്‍ സ്വീകരിക്കുന്ന ആശുപത്രികളിലെ ഫാര്‍മസികള്‍ ഇവ പരിശോധിച്ച് ഉറപ്പുവരുത്തി ഓരോ രോഗിക്കുമുള്ള മരുന്നുകള്‍ പ്രത്യേകം പാക്ക് ചെയ്ത് നാഷണല്‍ അഡ്രസ്സില്‍ സൗദി പോസ്റ്റില്‍ അവ പാര്‍സലായി അയച്ച കാര്യം രോഗികളെ ഫോണില്‍ ബന്ധപ്പെട്ട് അറിയിക്കും.
നിശ്ചിത സമയങ്ങളില്‍ സൗദി പോസ്റ്റ് മരുന്ന് പാര്‍സലുകള്‍ രോഗികള്‍ക്ക് കൈമാറും. മരുന്ന് പാര്‍സലുകള്‍ സ്വീകരിക്കുന്നതിന് രോഗികള്‍ക്ക് എസ്.എം.എസ് വഴി വെരിഫിക്കേഷന്‍ നമ്പറും കൈമാറും. പാര്‍സല്‍ സ്വീകരിക്കുന്നതിനുള്ള സ്ഥിരീകരണമായി വെരിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിക്കുകയും ചെയ്യും.