ലഭിച്ച അപേക്ഷ 15,234 ഇതുപോരെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം- സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരണം സർക്കാർ മുഖ്യപരിപാടിയായി ഏറ്റെടുക്കുന്നു. 2015ൽ ആരംഭിച്ച പപദ്ധതിയോട് പ്രവാസികളുടെ പ്രതികരണം തണുപ്പൻ മട്ടിലായ സാഹചര്യത്തിലാണ് പുതിയ നീക്കം. പദ്ധതിയുടെ വിപുലീകരണ കൺവെൻഷൻ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്നിരുന്നു. 31ന് നടന്ന കൺവെൻഷനിൽ ആവേശപൂർവ്വം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി വിശദീകരണം നടത്തിയത്. കൺവെൻഷൻ കോഴിക്കോട് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പദ്ധതിയുടെ പ്രാധാന്യം വിശദമായി തന്നെ വിശദീകരിക്കുകയുണ്ടായി.
പ്രവാസികൾക്കായി കെ.എസ്.എഫ്.ഇ തുടങ്ങുന്ന ചിട്ടിയുടെ കാര്യം മുഖ്യമന്ത്രി പ്രസംഗത്തിൽ വിശദീകരിച്ചു. കേരളത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ തോതിൽ നിക്ഷേപ സാധ്യതകളുണ്ട്. സംസ്ഥാനത്ത് അഗ്രോപാർക്കുകൾ, ഇൻഡസ്ട്രിയൽ പാർക്കുകൾ എന്നിവ സ്ഥാപിക്കേണ്ടതായിട്ടുണ്ട്. ഇൻഫർമേഷൻ ടെക്‌നോളജി പാർക്കുകൾ ആരംഭിക്കാൻ കഴിയും. കൾച്ചറൽ കോംപ്ലക്‌സുകൾ നാടിന്റെ പല ഭാഗങ്ങളിലായി വരും. പ്രധാന റോഡുകൾ, പാലങ്ങൾ, തുറമുഖങ്ങൾ, വിമാനത്താവളം, റെയിൽവേ എന്നിവയിലെല്ലാം നിക്ഷേപ സാധ്യതകൾ സംസ്ഥാനത്ത് തുറന്നുകിടക്കുകയാണ്. ഇതിലൂടെ കേവലമായ നിക്ഷേപത്തിന് പുറമെ നാടിന്റെ വികസനത്തിൽ പങ്കു ചേരാനും പ്രവാസികൾക്ക് കഴിയും- മുഖ്യമന്ത്രി വിശദീകരിക്കുന്നു.
നോർക്ക ഡിപ്പാർട്ട്‌മെൻറ് പ്രൊജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻറ്‌സ് എന്ന പദ്ധതി വിപുലീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വിദേശത്ത് ജോലി ചെയ്ത് നാട്ടിലേക്ക് വരുന്നവരെ തൊഴിൽ സംരംഭകരാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. 20 ലക്ഷം വരെ മൂലധന ചെലവുള്ള സംരംഭങ്ങൾക്ക് 15 ശതമാനം സബ്‌സിഡി നോർക്ക റൂട്ട്‌സ് നൽകും. മുടക്കം കൂടാതെ വായ്പ തുക തിരിച്ചടക്കുന്നവർക്ക് ആദ്യത്തെ നാല് വർഷം മൂന്ന് ശതമാനം സബ്‌സിഡി ലഭിക്കും. ഇപ്പോൾ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂനിയൻ ബാങ്കും ബാങ്ക് ഓഫ് ഇന്ത്യയുമാണ് വായ്പ നൽകുന്നത്. നിലവിൽ 15,234 അപേക്ഷകൾ ബാങ്കുകളിലേക്ക് ശുപാർശ ചെയ്തു കഴിഞ്ഞതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. 1800 പേർ പുതിയ സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാലിത് പോര എന്നുള്ളതാണ് വസ്തുത- മുഖ്യമന്ത്രി പറഞ്ഞു.
അത്രയധികം പേർ തിരിച്ചുവരുന്ന സാഹചര്യത്തിലാണ് പദ്ധതി പങ്കാളിത്തം പോരെന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി പ്രവാസികളോട് സംസാരിക്കവേ വിശദീകരിക്കുകയുണ്ടായി. സംരംഭകരുടെ എണ്ണം വർധിപ്പിച്ച് പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയണം.
വായ്പ തരപ്പെടുത്തുന്നതിന് പല വിധത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ട്. ഇതിന്റെ നൂലാമാലകളിൽ കുരുങ്ങി മനസ്സ് മടുത്ത് ഉപേക്ഷിക്കുന്ന ആളുകളെ കാണാൻ കഴിയും. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് സർക്കാറിന് ലഭിക്കുന്നത്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുക കൂടി ചെയ്യുന്ന പ്രവാസികളോട് അനുഭാവപൂർവം സമീപനം സ്വീകരിക്കാൻ ബാങ്കുകൾ തയാറാവണം. ബാങ്കുകളുടെ നിക്ഷേപത്തിലെ വലിയ പങ്ക് പ്രവാസികളുടേതാണ്. ബാങ്കുകൾ വളരുന്നതിൽ വലിയ പങ്ക് വഹിക്കുന്നരാണ് പ്രവാസികൾ എന്നത് കൂടി കണക്കിലെടുത്ത് വേണം അവർ നൽകുന്ന പദ്ധതികൾ പരിഗണിക്കാൻ. തൊഴിൽ സംരംഭങ്ങൾ പുതുതായി തുടങ്ങാൻ വേണ്ടി വരുന്നവർ ഒരു കാരണവശാലും നിരാശരാവേണ്ടി വരില്ല.
പുതിയ സംരംഭകർക്ക് തൊഴിൽ വൈദഗ്ധ്യ പരിശീലനം നൽകാനും വിപണന സാധ്യത തിരിച്ചറിഞ്ഞുള്ള പ്രൊജക്ട് റിപ്പോർട്ട് തയാറാക്കാനും ബാങ്കിൽനിന്ന് വായ്പ നേടാനുള്ള ഉപദേശ നിർദേശങ്ങളും നൽകാനും സെന്റർ ഫോർ മാനേജ്‌മെൻറ് ഡവലപ്‌മെന്റിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്.