Sorry, you need to enable JavaScript to visit this website.

കോഴിക്കോട് പുറത്തിറങ്ങുന്നവർ മാസ്‌ക് ധരിക്കണം- കലക്ടർ

കോഴിക്കോട് - വീട്ടിൽ നിന്ന് പുറത്തിറങ്ങി ഒന്നിലധികം ആളുകളുമായി സമ്പർക്കത്തിലേർപ്പെടുന്നവർ നിർബന്ധമായും തൂവാലയോ മാസ്‌കോ ഉപയോഗിച്ച് മൂക്കും വായും മൂടണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു അഭ്യർഥിച്ചു. കോവിഡ് 19 വൈറസ്ബാധ പടർന്ന് പിടിക്കാതിരിക്കാനും പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയുമാണ് നിർദ്ദേശം. ഇക്കാര്യം നിർബന്ധമായും പൊതുജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട പോലീസ് /നിരീക്ഷണ സ്‌ക്വാഡുകൾ ഉറപ്പുവരുത്തണമെന്നും ഒന്നിൽ കൂടുതൽ തവണ നിർദ്ദേശം ലംഘിക്കുന്നപക്ഷം 1897 ലെ പകർച്ചവ്യാധി തടയൽ നിയമത്തിലെ സെക്ഷൻ 2 അനുസരിച്ച് ഐ.പി.സി സെക്ഷൻ 188 പ്രകാരം നടപടി സ്വീകരിക്കണമെന്നും കലക്ടർ നിർദ്ദേശിച്ചു.
കോഴിക്കോട് ജില്ലയിൽ ആകെ 17,407 പേർ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ. വി. അറിയിച്ചു. പുതുതായി വന്ന ആറ് പേർ ഉൾപ്പെടെ 28 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. ഇതിൽ 25 പേർ മെഡിക്കൽ കോളേജിലും മൂന്ന് പേർ ബീച്ച് ആശുപത്രിയിലുമാണ്. 11 പേരെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തു. ജില്ലയിൽ ഇന്നലെയും പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
ഇന്ന് 19 സ്രവസാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 526 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 499 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 482 എണ്ണം നെഗറ്റീവ് ആണ്. ജില്ലക്കാരായ 13 പോസിറ്റീവ് കേസുകളിൽ ഏഴ് പേരും നാല് ഇതര ജില്ലക്കാരിൽ രണ്ടു പേരും രോഗമുക്തരായിട്ടുണ്ട്. ആറ് കോഴിക്കോട് സ്വദേശികളും രണ്ട് കണ്ണൂർ സ്വദേശികളുമാണ് പോസിറ്റീവായി തുടരുന്നത്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 27 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാൻ ബാക്കിയുണ്ട്.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വീഡിയോ കോൺഫറൻസിലൂടെ ജില്ലയിലെ കൊവിഡ്-19, പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം നടത്തുകയും നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. കോൺഫറൻസിൽ ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ സർവ്വൈലൻസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു. ആരോഗ്യവകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കൊറോണ കൺട്രോൾ സെല്ലിന്റെ പ്രവർത്തനം വിലയിരുത്തി. ജില്ലാ മെഡിക്കൽ ഓഫീസർ സൂം കോൺഫറൻസിലൂടെ ബാലുശ്ശേരി ബ്ലോക്ക് പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവരുമായി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം നടത്തി. കോൺഫറൻസിൽ ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ. പുരുഷൻ കടലുണ്ടി പങ്കെടുത്തു.
മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ നാല് പേർക്ക് ഇന്നലെ കൗൺസിലിംഗ് നൽകി. കൂടാതെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 23 പേർക്ക് ഫോണിലൂടെ സേവനം നൽകി. 3177 സന്നദ്ധ സേന പ്രവർത്തകർ 5290 വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി. സോഷ്യൽ മീഡിയയിലൂടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടർന്നുവരുന്നു.
കന്ദ്രഭരണ പ്രദേശമായ മാഹിയും മറ്റ് ജില്ലകളുമായി അതിർത്തി പങ്കിടുന്ന താലൂക്കുകളിൽ നിരീക്ഷണത്തിനായി പ്രവർത്തിക്കുന്ന പോലീസ് സ്‌ക്വാഡുകൾ, സെക്ടറൽ സ്‌ക്വാഡുകൾ എന്നിവരെ അതിർത്തികളിലെ നിരീക്ഷണം ശകതമാക്കുന്നതിനായി നിയോഗിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇടവഴികളടക്കമുള്ള എല്ലാ വഴികളിലും കർശനമായ പരിശോധന ഉറപ്പുവരുത്തണം. അതിർത്തികളിലെ നിരീക്ഷണ സ്‌ക്വാഡുകളിലേക്ക് ഒരു ആരോഗ്യ പ്രവർത്തകനെ അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നിയോഗിക്കണം.
ലോക്ഡൗൺ വ്യവസ്ഥകൾ ലംഘിച്ച് വാഹനങ്ങളും പൊതുജനങ്ങളും അതിർത്തി കടന്നുവരുന്നില്ലെന്നും പോവുന്നില്ലെന്നും ഉറപ്പുവരുത്തണ്ടത് ഈ സ്‌ക്വാഡുകളുടെ ഉത്തരവാദിത്തമാണ്. അംഗീകൃത പാസില്ലാതെ ആരും യാത്രചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. ജില്ലാ അതിർത്തി കടക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ അവശ്യവസ്തുക്കളുടെ ട്രാൻസ്പോർട്ടേഷന് പുറമെ അടിയന്തിര സാഹചര്യത്തിൽപ്പെട്ടവർക്ക് മാത്രമാണ് ഇളവുള്ളത്. തൊട്ടടുത്ത ബന്ധത്തിലുള്ളവരുടെ മരണം, ഗുരുതരാവസ്ഥയിലുള്ള ഏറ്റവും അടുത്ത ബന്ധുവിനെ സന്ദർശിക്കൽ, അടിയന്തിര ചികിൽസക്കുള്ള യാത്ര എന്നിവക്കാണ് ഇളവുള്ളത്.
ജില്ലാ അതിർത്തികളിൽ 24 മണിക്കൂറും നിരീക്ഷണം ഉണ്ടാവും. ഇതുകൂടാതെ ജില്ലാ അതിർത്തികളിൽ മോട്ടോർവെഹിക്കിൾ സ്‌ക്വാഡുകളെയും നീരീക്ഷണത്തിനായി  നിയോഗിക്കും. സ്‌ക്വാഡുകളുടെ പ്രവർത്തനം ഇൻസിഡന്റ് കമാൻഡർമാരായ തഹസിൽദാർമാരും താലൂക്ക്തല നോഡൽ ഓഫീസർമാരും ഏകോപിപ്പിക്കും.
 

Latest News