കൊച്ചി- നമോ ടി.വി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ ഈ മാസം ഏഴിന് പുറത്തുവിട്ട വീഡിയോ പരിപാടി ചില രാഷ്ട്രീയ പാർട്ടികളെയും സ്ത്രീകളെയും അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നാരോപിച്ച് ഡി.ജി.പിക്ക് പരാതി. ഏഴിന് വൈകുന്നേരെ 3.20 ന് പുറത്തുവിട്ട വീഡിയോ പരിപാടിക്കെതിരെ പറവൂർ സ്വദേശിനി ഷീബ സഗീറാണ് സംസ്ഥാന ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയത്.
മൂന്നു മിനിറ്റ് 20 സെക്കന്റ് നീണ്ടു നിൽക്കുന്ന വീഡിയോ പരിപാടിയിൽ ഉടനീളം ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പൊതു പ്രവർത്തകരെയും അവരുടെ കുടുംബത്തെയും ഏറ്റവും മ്ലേഛവും കേട്ടാൽ അറക്കുന്നതുമായ ഭാഷയിൽ തെറി വിളിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും മതവിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്യുകയുണ്ടായെന്നും ഷീബ സഗീർ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് നാട്ടിൽ മതസ്പർധ ഉണ്ടാക്കാനും വിശ്വാസികളെയും സ്ത്രീകളെയും അപമാനിക്കാനും വേണ്ടി ബോധപൂർവം തയാറാക്കിയതാണ്. സംഘ്പരിവാർ ഗൂഢാലോചനയുടെ ഭാഗമാണ് വീഡിയോ എന്നും ഷീബ സഗീർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ പരിപാടിമൂലം താനടക്കമുള്ള സ്ത്രീകൾക്ക് ഉണ്ടായ മാനഹാനിയും മത വിശ്വാസികൾക്ക് ഉണ്ടായ മുറിവും മറ്റ് രാഷ്ട്രീയ പ്രവർത്തകർക്ക് പൊതുസമൂഹത്തിൽ ഉണ്ടായിട്ടുള്ള അപമാനവും വളരെ വലുതാണ്. ഈ പരിപാടിയുടെ അവതാരക, സ്‌ക്രിപ്റ്റ് റൈറ്റർ, മുഴുവൻ പിന്നണി പ്രവർത്തകരെയും ഉൾപ്പെടുത്തി സൈബർ നിയമം, സ്ത്രീകളെ അവഹേളിക്കൽ, മതസ്പർധ ഉണ്ടാക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യണമെന്നും മേലിൽ മതസ്പർധ, വർഗീയത എന്നിവ പടർത്തുന്ന പരിപാടി നമോ ടി.വിയിൽ നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താനുള്ള നടപടി സ്വീകരിക്കണമെന്നും ഷീബ സഗീർ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. വീഡിയോയുടെ പകർപ്പും പരാതിക്കൊപ്പം ഡി.ജി.പിക്ക് കൈമാറി.