കോട്ടയം- കോവിഡ് പരിശോധനയ്ക്കുളള കിയോസ്‌ക്കിന് മുന്നിലെത്തിയ കുരുന്നുകൾ കൗതുകമായി. ഇന്നലെ കണ്ണൂരിൽ നിന്നു നാട്ടിലെത്തിയ കുടുംബത്തിനൊപ്പമാണ് കുരുന്നുകളും കൊറിയൻ റാപ്പിഡ് ടെസ്റ്റ് കിയോസ്‌ക്കിലെത്തിയത്. ആരോഗ്യ പ്രവർത്തകയായ അമ്മയും മക്കളുമാണ് ജനറൽ ആശുപത്രിയിലെ പ്രത്യേക കിയോസ്‌ക്കിൽ പരിശോധന നടത്തിയത്. കണ്ണൂരിൽ നിന്നു കോട്ടയത്തെ വസതിയിലേക്കു വന്നതായിരുന്നു കുടുംബം. അപ്പാർട്ട്‌മെന്റിലേക്ക് പോകുന്നതിന് മുമ്പ് പരിശോധന നടത്തണമെന്ന് ഇവർ തീരുമാനിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തി. ഇത് കണ്ട് എത്തിയ മാധ്യമ പ്രവർത്തരോട് യുവതിക്ക് ഒരു അഭ്യർഥന മാത്രം. ആരോഗ്യ പ്രവർത്തകയാണ്, വ്യക്തിവിവരം പ്രസിദ്ധീകരിക്കരുത്.
കോവിഡ്-19 പരിശോധനാ സാമ്പിൾ ശേഖരണത്തിനുള്ള പ്രത്യേക കിയോസ്‌ക് ഇന്നലെ രാവിലെയാണ് കോട്ടയം ജനറൽ ആശുപത്രിയിൽ സജ്ജമായത്. പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് (പി.പി.ഇ) ഉപയോഗിക്കാതെ രണ്ടു മിനിറ്റിനുള്ളിൽ സാമ്പിൾ ശേഖരിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.
വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടാകുന്നപക്ഷം കൂടുതൽ പേരിൽനിന്ന് കുറഞ്ഞ സമയത്തിനുള്ളിൽ സ്രവം ശേഖരിക്കാൻ കിയോസ്‌ക് ഉപകരിക്കും. പി.പി.ഇ കിറ്റിന്റെ ലഭ്യതക്കുറവിനും ഇത് ധരിക്കുന്നതിന് വേണ്ടിവരുന്ന സമയനഷ്ടത്തിനും ഉപയോഗിക്കുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾക്കും പരിഹാരമാണ് പുതിയ സംവിധാനം.
കിയോസ്‌കിൽ സാമ്പിൾ ശേഖരിക്കുന്നവരുടെയും നൽകുന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നുണ്ട്. പുറത്തു നിന്ന് അകത്തേക്കോ അകത്തു നിന്ന് പുറത്തേക്കോ വായു കടക്കില്ല. നാലടി നീളവും മൂന്നടി വീതിയും ഏഴ് അടി ഉയരവുമുള്ള കിയോസ്‌ക് അലുമിനിയം, മൈക്ക, ഗ്ലാസ് എന്നിവ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. എക്‌സ്‌ഹോസ്റ്റ് ഫാനും ലൈറ്റും പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്.
മുഖാവരണവും കൈയുറയും മാത്രം ധരിച്ച് കിയോസ്‌ക്കിനുള്ളിൽ പ്രവേശിക്കുന്നയാൾ മുന്നിലെ ഗ്ലാസ് ബോർഡിൽ ഘടിപ്പിച്ചിട്ടുള്ള ഗ്ലൗസിലൂടെ കൈകൾ കടത്തിയാണ് പുറത്തിരിക്കുന്നയാളുടെ സാമ്പിൾ ശേഖരിക്കുന്നത്. സാമ്പിൾ നൽകാനെത്തുന്നയാൾ തന്നെയാണ് ശേഖരിക്കുന്നതിനുള്ള വൈറൽ മീഡിയം അടങ്ങിയ ട്യൂബ് പിടിക്കുക. ശേഖരിക്കുന്ന സാമ്പിൾ ട്യൂബിലാക്കി നൽകുമ്പോൾ ട്യൂബ് അടച്ച് സമീപത്തെ സ്റ്റാൻഡിൽ വെച്ച ശേഷം മടങ്ങാം.
ഓരോ തവണ സാമ്പിൾ ശേഖരിച്ച ശേഷവും കിയോസ്‌ക്കിന്റെ ഉൾവശവും പുറത്തെ കൈയുറയും സാമ്പിൾ നൽകുന്നവർ ഇരിക്കുന്ന കസേരയും അണുവിമുക്തമാക്കും.
ജില്ലാ ടി.ബി ഓഫീസർ ട്വിങ്കിൾ പ്രഭാകരന്റെ നേതൃത്വത്തിൽ ക്ഷയരോഗ നിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തി 25,000 രൂപ ചെലവിട്ടാണ് കൊറിയൻ സാങ്കേതിക വിദ്യ പിന്തുടർന്ന് കിയോസ്‌ക് നിർമിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ കലക്ടർ പി.കെ. സുധീർ ബാബു തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദുകുമാരിയുടെ സാമ്പിളാണ് ആദ്യം ശേഖരിച്ചത്.
പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും വൈക്കം താലൂക്ക് ആശുപത്രിയിലും കിയോസ്‌ക് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.