കണ്ണൂര്‍- ദുര്‍ബലവിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷണക്കിറ്റിനായി വീട്ടമ്മ നടന്നത് 30 കിലോമീറ്റര്‍. ഒടുവില്‍ ഇവര്‍ക്ക് തുണയായി കണ്ണവം പോലീസെത്തി.
പാട്യം പത്തായക്കുന്ന് പാലബസാറിനടുത്ത് വാടക വീട്ടില്‍ താമസിക്കുന്ന ആയിഷക്കും പതിനാറുകാരനായ മകനുമാണ് പോലീസ് തുണയായത്. കോളയാട് സ്വദേശിയായ ആയിഷയും കുടുംബവും ഇപ്പോള്‍ പത്തായക്കുന്നിലെ വാടകവീട്ടിലാണ് താമസിക്കുന്നത്.
കോളയാടിനടുത്ത വായന്നൂരിലെ റേഷന്‍ കടയിലാണ് ഇവര്‍ക്ക് റേഷന്‍കാര്‍ഡുള്ളത്. സൗജന്യമായി പലവ്യഞ്ജനക്കിറ്റ് നല്‍കുന്നതറിഞ്ഞ ആയിഷ കഴിഞ്ഞ ദിവസം രാവിലെ മകനെയും കൂട്ടി വീട്ടില്‍നിന്ന് നടന്ന് 30 കിലോമീറ്റര്‍ അകലെയുള്ള വായന്നൂരിലെത്തി. കിറ്റ് വാങ്ങിയശേഷം മടക്കയാത്രയാരംഭിച്ച ഇവര്‍ വെയിലേറ്റ് തളര്‍ന്ന് കണ്ണവം ടൗണിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഇരുന്നു. ഇതറിഞ്ഞെത്തിയ കണ്ണവം പോലീസ് ഇവരെ ഉടന്‍ പോലീസ് വാഹനത്തില്‍ പത്തായക്കുന്നിലെ വീട്ടിലെത്തിച്ചു.
ഹൃദ്രോഗത്തിന് ചികിത്സയിലാണ് ആയിഷയുടെ ഭര്‍ത്താവ്. സത്യവാങ്മൂലം നല്‍കി തൊട്ടടുത്ത റേഷന്‍ കടയില്‍നിന്ന് ഭക്ഷ്യധാന്യക്കിറ്റ് വാങ്ങാനുള്ള സൗകര്യം പൊതുവിതരണവകുപ്പ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.