കുവൈത്ത് സിറ്റി - വിദേശങ്ങളില്‍ കുടുങ്ങിയ കുവൈത്തി പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അധികൃതര്‍ രൂപം നല്‍കി. കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ പദ്ധതിയാണിത്. വിദേശങ്ങളില്‍ കുടുങ്ങിയ 40,000 കുവൈത്തികളെ ഏപ്രില്‍ 16 മുതല്‍ 25 വരെയുള്ള കാലയളവില്‍ 188 വിമാനങ്ങളിലാണ് ഒഴിപ്പിക്കുന്നത്.
ഒഴിപ്പിക്കല്‍ സര്‍വീസുകള്‍ നടത്തുന്നതിന് കുവൈത്ത് എയര്‍വെയ്‌സ്, കുവൈത്തിലെ സ്വകാര്യ വിമാന കമ്പനിയായ അല്‍ജസീറ എയര്‍വെയ്‌സ്, ഖത്തര്‍ എയര്‍വെയ്‌സ് എന്നിവയുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയവരെയാണ് ആദ്യ ദിവസം ഒഴിപ്പിക്കുക. 51 വിമാനങ്ങളില്‍ 8,000 ഓളം കുവൈത്തികളെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് സ്വദേശത്ത് തിരിച്ചെത്തിക്കും. ഇവരില്‍ ഭൂരിഭാഗവും റിയാദിലും ദുബായിലും മനാമയിലുമാണ്. രണ്ടാം ദിവസം ഒമാന്‍, ബെയ്‌റൂത്ത്, സൈപ്രസ്, കയ്‌റോ, ഇസ്താംബൂള്‍, ലണ്ടന്‍, ലോസ് ആഞ്ചല്‍സ് എന്നിവിടങ്ങളില്‍നിന്ന് 7,200 ഓളം കുവൈത്തികളെ 41 വിമാനങ്ങളില്‍ ഒഴിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുഴുവന്‍ ലോക രാജ്യങ്ങളിലും കുടുങ്ങിയ കുവൈത്തികളെയും അവരുടെ കുടുംബാംഗങ്ങളെയും ഒഴിപ്പിക്കും. സ്വദേശത്തേക്ക് മടങ്ങാന്‍ കൂടുതല്‍ കുവൈത്തി പൗരന്മാര്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന പക്ഷം അധിക സര്‍വീസുകള്‍ നടത്തുമെന്നും അധികൃതര്‍ വെളിപ്പെടുത്തി.