Sorry, you need to enable JavaScript to visit this website.

സാലറി ചലഞ്ച്:സര്‍ക്കാര്‍ നിലപാടില്‍ അധ്യാപകരിലും ജീവനക്കാരിലും പ്രതിഷേധം ശക്തം

കല്‍പറ്റ-സാലറി ചലഞ്ചുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ പ്രതിഷേധം ശക്തം. പ്രതിസന്ധി മറികടക്കുന്നതിനു ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണമെന്ന നിലപാടിലൂടെ സര്‍ക്കാര്‍ ഉയര്‍ത്തുന്ന ഭാഷ ജനാധിപത്യ ഭരണകൂടത്തിനു ചേര്‍ന്നതല്ലെന്ന അഭിപ്രായം ജീവനക്കാരിലും അധ്യാപകരിലും ശക്തിപ്രാപിക്കുകയാണ്. ഒരു മാസത്തെ ശമ്പളം  പൂര്‍ണമായും നല്‍കാനാവില്ലെന്നും എല്ലാവരുടെയും സംഭാവന  സ്വീകരിക്കാന്‍ അവസരമുണ്ടാകണമെന്നുമാണ് അധ്യാപകരുടെയും ജീവനക്കാരുടെയും  പക്ഷം. ചലഞ്ച് സ്വയം ഏറ്റടുത്ത് ചെയ്യുന്നതാണെന്നും പിടിച്ച് വാങ്ങേണ്ടതല്ലെന്നും അവര്‍ പറയുന്നു.


കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നാലാം തവണയാണ് ജീവനക്കാരോട് സര്‍ക്കാര്‍ സാമ്പത്തിക സഹായം ചോദിക്കുന്നതെന്നു കെ.എസ്.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.മുഹമ്മദ് പറഞ്ഞു. 2016ല്‍ ഓഖി ഫണ്ടിലേക്കു ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 2018ലെയും 19ലെയും പ്രളയകാലത്തു സാലറി ചലഞ്ച് പ്രാവര്‍ത്തികമാക്കി. നിപ വൈറസ് വ്യാപനകാലത്തും അധ്യാപകരും ജീവനക്കാരും സര്‍ക്കാരിനൊപ്പം  നിന്നു. കോവിഡ് പ്രതിരോധത്തിലും സര്‍ക്കാരിനു താങ്ങാകാന്‍ അധ്യാപകരും ജീവനക്കാരും തയാറാണ്. പക്ഷേ, ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണമെന്ന നിലപാടിനോടു യോജിക്കാനാവില്ല.


കോവിഡ്-19 രോഗ ലക്ഷണങ്ങള്‍ ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെയാണ് കേരളത്തില്‍ പ്രത്യക്ഷമായത്. സര്‍ക്കാരിന്റെ  ശക്തമായ മുന്നൊരുക്കങ്ങങ്ങളാണ് സംസ്ഥാനത്തു കോവിഡ് ആഘാതം കുറയ്ക്കാന്‍ സഹായകമായത്. ഭരണകൂടത്തിന്റെ  നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വിവിധ വകുപ്പുകളിലെ പതിനായിരക്കണക്കിന് ജീവനക്കാര്‍ രാപകല്‍ പാടുപെടുകയാണ്. ആരോഗ്യം,പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം,വിദ്യാഭ്യാസം, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, എക്‌സൈസ്, സിവില്‍ സപ്ലൈസ്, വനം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ ശക്തമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. മാധ്യമ ജീവനക്കാരുടെയും സന്നദ്ധ-പാലിയേറ്റീവ്-ജീവകാരുണ്യ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനം  ശ്ലാഘനീയമാണ്. ഇതിനിടെയാണ് ജോലിയെടുക്കൂ, കൂലി ഇല്ല എന്ന സര്‍ക്കാര്‍ നിലപാടെന്നു മുഹമ്മദ് കുറ്റപ്പെടുത്തി.
2014ല്‍ പരിഷ്‌കരിച്ച ശമ്പളമാണ് ജീവനക്കാര്‍ക്കു ലഭിക്കുന്നത്. ശമ്പള പരിഷ്‌കരണ കാലാവധി കഴിഞ്ഞിട്ടു 10 മാസമായി. ക്ഷാമബത്ത 16 മാസമായി  കുടിശികയാണ്.പങ്കാളിത്ത പെന്‍ഷന്‍  പദ്ധതി പിന്‍വലിക്കാമെന്നേറ്റിട്ട് 45 മാസം കഴിഞ്ഞു. 60 മാസത്തിലേറെയായി ആയിരക്കണക്കിന് അധ്യാപകര്‍ വേതനമില്ലാതെ പണിയെടുക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനു ജീവനക്കാര്‍ സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നില്ല. സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു ബോധ്യമുള്ളതിനാലാണിത്.
സംസ്ഥാനത്തെ 5,15,639 സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പ്രതിസന്ധിയില്‍ ഭരണകൂടത്തെ സഹായിക്കാന്‍ തയാറാണ്. സംഭാവന സ്വീകരിക്കുന്നവര്‍ കൊടുക്കുന്നവന്റെ സ്ഥിതിയെക്കുറിച്ചും ഓര്‍ക്കണം. ഏകപക്ഷീയ പ്രഖ്യാപനങ്ങള്‍ക്കുപകരം ചര്‍ച്ചയക്കു അവസരമുണ്ടാക്കണം. പൊടുന്നനെയുണ്ടായതല്ല സാമ്പത്തിക ഞെരുക്കമെന്നതും ഓര്‍ക്കണം. ജീവനക്കാര്‍ക്കും  അധ്യാപകര്‍ക്കും വേതനം നല്‍കാന്‍ പണമില്ലെന്നു പറയുന്ന സര്‍ക്കാര്‍ അനാവശ്യ ചെലവുകള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും മുഹമ്മദ് പറഞ്ഞു.  

 

 

 

 

Latest News