ഇടുക്കി- വ്യാജവാറ്റ് കേന്ദ്രത്തില്‍ പരിശോധനക്ക് എത്തിയ പോലിസുകാര്‍ക്ക് നേരെ ആക്രമണം. ഉപ്പുതറയിലുള്ള വ്യാജവാറ്റ് കേന്ദ്രത്തില്‍ പരിശോധിക്കാനെത്തിയ പോലിസുകാരെയാണ് പ്രതികളായ ദമ്പതിമാര്‍ ആക്രമിച്ചത് . വാക്കത്തി കൊണ്ട് ഇവര്‍ പോലിസുകാരെ വെട്ടുകയായിരുന്നു. ഇതേതുടര്‍ന്ന് രണ്ട് പോലിസുകാര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ വിരല്‍ തൊണ്ണൂറ് ശതമാനവും മുറിഞ്ഞിട്ടുണ്ട്. മറ്റൊരു ഉദ്യോഗസ്ഥനും സാരമായി പരിക്കേറ്റതായി പോലിസ് അറിയിച്ചു.
നിരപ്പേക്കട സ്വദേശി ജെയിംസും ഭാര്യയുമാണ് റെയ്ഡിനെത്തിയ പോലിസുകാര്‍ക്ക് നേരെ അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പോലിസുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ജെയിംസിനെയും ഭാര്യ ബിന്‍സിയെയും പോലിസ് അറസ്റ്റ് ചെയ്തു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടച്ചിട്ടിരിക്കുന്നത് മുതലെടുത്ത് വ്യാജവാറ്റ് സംഘങ്ങള്‍ സജീവമായതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതത് ജില്ലകളില്‍ പോലിസും എക്‌സൈസ് സംഘവും വ്യാജവാറ്റ് പിടികൂടാനായി പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.