ദുബായ്- അജ്മാനിൽനിന്ന് ദുബായിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. അജ്മാനിലെ മുസല്ലായിൽനിന്ന് അൽ റാഷിദിയ മെട്രോ സ്റ്റേഷനിലേക്ക് ഓരോ അരമണിക്കൂറും ഇടവിട്ട് ബസ് സർവീസ് തുടങ്ങി. പന്ത്രണ്ട് ദിർഹമാണ് ടിക്കറ്റ് നിരക്ക്. യാത്രയിലുടനീളം ഫ്രീ വൈഫൈയും സിനിമയും ഒരുക്കിയിട്ടുണ്ട്. അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് ലൂത്താഹാണ് ഇക്കാര്യം അറിയിച്ചത്. അത്യാധുനിക സംവിധാനങ്ങളുള്ള ബസാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബസിന്റെ സീറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സ്‌ക്രീനിൽ സിനിമയും വാർത്തകളുമറിയാനുള്ള സംവിധാനങ്ങളുമുണ്ട്. അജ്മാനിൽനിന്ന് ദുബായിയിലേക്ക് പതിനഞ്ച് ദിർഹമും ദുബായിൽനിന്ന് അജ്മാനിലേക്ക് പന്ത്രണ്ട് ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. ഈ വർഷം യാത്രക്കായി പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 22 ശതമാനം വർധനവാണ് ഈ കൊല്ലമുണ്ടായിരിക്കുന്നത്.