Sorry, you need to enable JavaScript to visit this website.

പ്രമുഖ ഗൈനക്കോളജിസ്റ്റും എഴുത്തുകാരിയുമായ ഡോ.പിഎ ലളിത അന്തരിച്ചു

കോഴിക്കോട്- പ്രമുഖ ഗൈനക്കോളജിസ്റ്റും മുന്‍ ഐഎംഎ വനിതാവിഭാഗം ചെയര്‍പേഴ്‌സണുമായ ഡോ.പി.എ ലളിത അന്തരിച്ചു.എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ആന്റ് യൂറോളജി ചെയര്‍പേഴ്‌സണായിരുന്ന ലളിത കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയിലാണ് അന്ത്യം. ചേര്‍ത്തല സ്വദേശിനിയായ അവര്‍ കോഴിക്കോടാണ് താമസം. ചേര്‍ത്തല സ്വദേശി അയ്യാവു ആചാരിയുടെയും രാജമ്മയുടെയും മകളാണ്. 

എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ആന്റ് യൂറോളജി സെന്റര്‍ മാനേജിങ് ഡയറക്ടര്‍,ഐഎംഎ സംസ്ഥാന വനിതാവിഭാഗം ചെയര്‍പേഴ്‌സണ്‍,അബല മന്ദിരം ഉപദേശകസമിതി ചെയര്‍പേഴ്‌സണ്‍,ജുവൈനല്‍ വെല്‍ഫയര്‍ ബോര്‍ഡ് മെമ്പര്‍,ഇന്ത്യാവിഷന്‍ ന്യൂസ് ചാനല്‍ ഡയറക്ടര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നല്ലൊരു ഗൈനക്കോളജിസ്റ്റ് എന്നതിലുപരി എഴുത്തുകാരി കൂടിയായിരുന്നു അവര്‍. മനസിലെ കൈയ്യൊപ്പ്,മരുന്നുകള്‍ക്കപ്പുറം,പറയാനുണ്ടേറെ,മുഖങ്ങള്‍ അഭിമുഖങ്ങള്‍,കൗമാരം അറിയേണ്ടതെല്ലാം എന്നിവയാണ് പ്രധാന കൃതികള്‍. സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌നം പുരസ്‌കാരം,ഐഎംഎയുടെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം,ഇന്തോ അറബ് കോണ്‍ഫഡറേഷന്‍ പുരസ്‌കാരം,ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് ഫൗണ്ടേഷന്‍ പ്രസാദ് ഭൂഷണ്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ഡോ.പിഎ ലളിത സ്വന്തമാക്കിയിട്ടുണ്ട്. 

ഭര്‍ത്താവ്: മലബാര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വി.എന്‍ മണി. മലബാര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ മിലി മണി മകളാണ്. സംസ്‌കാര ചടങ്ങുകള്‍ നാളെ വൈകീട്ട് വെസ്റ്റ്ഹിന്‍ ശ്മശാനത്തില്‍ നടക്കും. കൊറോണ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ പൊതുദര്‍ശനം ഉണ്ടാകില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
 

Latest News