ജിദ്ദ - സഹോദരിമാരായ രണ്ടു പെൺകുട്ടികളെ ജിദ്ദയിലെ ബഹ്‌റയിൽ നിന്ന് മുഖംമൂടിധാരികൾ തട്ടിക്കൊണ്ടുപോയി. വീട് വൃത്തിയാക്കി മാലിന്യങ്ങൾ വീടിനു മുന്നിലെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കുന്നതിന് പുറത്തിറങ്ങിയ സമയത്താണ് പതിനാറും പതിനഞ്ചും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ രണ്ടംഗ സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. അക്രമികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇവരെ തട്ടിക്കൊണ്ടുപോകുന്നത് വീടിന്റെ മുകൾ നിലയിലെ ജനൽ വഴി മറ്റൊരു സഹോദരി കണ്ടു. രണ്ടുപേരെയും കാറിലെത്തിയ മുഖംമൂടി സംഘം വാഹനത്തിലേക്ക് വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇരുവരുടെയും പാദരക്ഷകളും മാലിന്യം സൂക്ഷിച്ച പ്ലാസ്റ്റിഗ് ബാഗും റോഡിൽ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തി.