Sorry, you need to enable JavaScript to visit this website.

ക്വാറൻൈനിൽ കഴിഞ്ഞ പെൺകുട്ടിയെ അക്രമിച്ച കേസിൽ സി.പി.എം പ്രവർത്തകർ പിടിയിൽ

പത്തനംതിട്ട- തണ്ണിത്തോട്ടിൽ ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ സി.പി.എം പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി കീഴടങ്ങി.നവീൻ, ജിൻസൺ, സനൽ എന്നീ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് കീഴടങ്ങിയത്. കീഴടങ്ങിയ പ്രതികളെ നിസ്സാര കുറ്റം ചുമത്തി സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇതിൽ നവീൻ തണ്ണിത്തോട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി പ്രവീണിൺ പ്രസാദിന്റ  അനുജനാണ്.  കഴിഞ്ഞ നാലു ദിവസമായി പോലീസ് തെരയുന്ന ഇവർ സി.പി.എം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഒളിവിൽ കഴിയുകയായിരുന്നു.  പ്രതികളെ സംരക്ഷിക്കുന്നത് കോന്നി എം.എൽ.എ യുടെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് ആരോപണം ഉയരുന്നത്. നേരത്തെ അശോകൻ, രാജേഷ്, അജേഷ് എന്നീ പ്രവർത്തകർ അറസ്റ്റിലായിരുന്നു. അവരെയും നേതൃത്വം ഇടപെട്ട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. 

ഇന്നലയും കീഴടങ്ങിയ പ്രതികൾക്കെതിരെ മതിയായ കേസെടുക്കാതെ വെറുതെ വിട്ടതിൽ പ്രധിഷേധിച്ച് ആക്രമണത്തിനിരയായ കുട്ടി നിരാഹാര സമരം ആരംഭിച്ചിരുന്നു. തുടർന്ന് അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദ് നേരിട്ടെത്തി കുട്ടിയുടെ മൊഴി എടുക്കുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നറിയിച്ചതോടെ നിരാഹാരം അവസാനിപ്പിച്ചു. കേസുമായി മുന്നോട്ടു പോകാതിരിക്കാൻ ചർച്ചകൾക്കായി സ്ഥലം എം.എൽ.എ ഏറെ നേരവും തണ്ണിത്തോട്ടിൽ തന്നെയാണ് ഇന്നലെയും ചിലവഴിച്ചത്. 
ക്വാറന്റൈിനിൽ കഴിഞ്ഞിരുന്ന  കുട്ടിയെയും, പിതാവിനെയും ആക്രമിച്ചു പരിക്കേൽപ്പിക്കുകയാണ് പ്രതികൾ ചെയ്തത്. ഇവരുടെ വീടിന്റെ പുറകുവശത്തെ വാതിൽ തൊഴിച്ചിളക്കുകയും ഇടതു വശത്തെ ജനൽ എറിഞ്ഞു തകർക്കുകയും ചെയ്തു. നാട്ടുകാർ ഓടിക്കൂടിയില്ലായിരുന്നെങ്കിൽ കുട്ടിയെ വകവരുത്തിയേനേമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. 
കോയമ്പത്തൂരിൽ ബി.എസ്.സി അഗ്രികൾച്ചറിന് പഠിക്കുന്ന കുട്ടി നാട്ടിൽ വന്ന് ക്വാറന്റൈനിൽ കഴിയാൻ തുടങ്ങിയതോടെയാണ് സംഭവങ്ങൾ തുടങ്ങുന്നത്. കുട്ടിക്ക് കോവിഡ് ബാധയാണെന്ന് സി.പി.എം പറഞ്ഞു പരത്തുകയായിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുകയും, അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെയാണ് സി.പി.എം ഗൂഢാലോചന നടത്തുന്നത്. 
ലോക്ക്ഡൗൺ കാലമായതുകൊണ്ട് പ്രതികൾക്ക് നാടു വിടാൻ അവസരം ലഭിച്ചില്ല. പോലീസ് അന്വേഷണം ഊർജ്ജിതമായി നടത്തി എന്നാണ് പറയുന്നത്. പ്രതികളെ സി.പി.എം നേതാക്കളുടെ വീട്ടിൽ തന്നെയാണ് ഒളിപ്പിച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്. ഇരയായ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ അടൂർ ഡിവൈ.എസ്.പി നേരിട്ട് മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചേർക്കേണ്ടത്. തുടർന്ന് പ്രതികളെ അറസ്റ്റു ചെയ്യണം. പക്ഷെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥർ പ്രതികൾക്ക് അനുകൂലമായ നിലപാടുകളാണ് ഇപ്പോഴും സ്വീകരിക്കുന്നത്. സി.പി.എം ലോക്കൽ സെക്രട്ടറി, എം.എൽ.എ എന്നിവരുടെ കോൾ ലിസ്റ്റുകൾ പരിശോധിച്ചാൽ ഗൂഢാലോചന വ്യക്തമാകുമെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.
 

Latest News