ദമാം - ദമാം സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ വിതരണം ചെയ്യുന്നതിന് എത്തിച്ച കേടായ ഉരുളക്കിഴങ്ങ് ശേഖരം നഗരസഭാധികൃതർ പിടിച്ചെടുത്തു. രണ്ടു ലോറികളിലായി 51 ടൺ കേടായ ഉരുളക്കിഴങ്ങാണ് സെൻട്രൽ പച്ചക്കറി മാർക്കറ്റ് വഴി വിൽക്കാൻ ശ്രമിച്ചത്. സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ പ്രവേശിക്കുന്നതിനു മുമ്പായി രണ്ടു ലോറികളും നഗരസഭാധികൃതരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.
ദീർഘനേരം വെയിലത്ത് ലോറികളിൽ നീക്കം ചെയ്തതിനാലും മോശം രീതിയിൽ സൂക്ഷിച്ചതിനാലും ഉരുളക്കിഴങ്ങ് കേടായതായി പരിശോധനയിൽ വ്യക്തമായി. ഉരുളക്കിഴങ്ങ് ശേഖരം നശിപ്പിച്ച അധികൃതർ നിയമ നടപടികൾക്ക് നിയമ ലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി വസതുദ്ദമാം ബലദിയ മേധാവി എൻജിനീയർ അബ്ദുല്ല അൽശമ്മരി പറഞ്ഞു.
മറ്റൊരു സംഭവത്തിൽ, നജ്‌റാനിൽ കേടായ മത്സ്യശേഖരം നഗരസഭാധികൃർ പിടിച്ചെടുത്ത് നശിപ്പിച്ചു. ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതെ ലോറിയിൽ നീക്കം ചെയ്യുകയായിരുന്ന മത്സ്യശേഖരമാണ് അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചത്. പരിശോധനയിൽ മത്സ്യം ഉപയോഗശൂന്യമായി മാറിയതായി വ്യക്തമാവുകയായിരുന്നു.