കൊച്ചി- അതീവ ശ്രദ്ധയോടെയുള്ള നിരീക്ഷണവും കൃത്യമായ ടെസ്റ്റുകളുമാണ് കൊവിഡ്-19 പോസറ്റീവായ രോഗികളുടെ ചികിത്സയില്‍ ഏറെ നിര്‍ണായകമെന്ന് അതിഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിച്ച് വിജയം കൈവരിച്ച വിദഗ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു.
കോവിഡ്-19 രോഗികളില്‍ ന്യൂമോണിയയുടെ ആരംഭത്തില്‍ തന്നെ നാല് മരുന്നുകളുടെ കൂട്ട് നല്‍കിയാല്‍ രോഗിയെ രക്ഷിക്കാനാകുമെന്നാണ് കൊച്ചി മെഡിക്കല്‍ കോളേജിലെ ചികിത്സാസാക്ഷ്യം. ഇതിനോടകം ഈ ചികിത്സാവിധി രാജ്യാന്തര തലത്തില്‍തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
കോവിഡ്-19 ബാധിച്ച ബ്രിട്ടീഷ് പൗരനായ ബ്രയാന്‍ നീല്‍ ലോക്വുഡ് നടന്നാണ് കൊച്ചി മെഡിക്കല്‍ കോളേജിലേക്ക് വന്നതെന്ന് അദ്ദേഹത്തെ ചികിത്സിച്ച പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം തലവനും കോവിഡ്-19 നോഡല്‍ ഓഫീസറുമായ ഡോ. ഫത്താഹുദ്ദീന്‍, ഇന്റേണല്‍ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ജേക്കബ് കെ. ജേക്കബ് എന്നിവര്‍ ഓര്‍ക്കുന്നു. ചെറിയ പനിയും ചുമയുമല്ലാതെ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രകടമല്ലായിരുന്നു. എക്‌സ്‌റേയില്‍ സംശയം തോന്നിയ ഉടന്‍ സി.ടി സ്‌കാനെടുക്കാനുള്ള ടീമിന്റെ തീരുമാനമാണ് ബ്രയാന്‍ നീലിന്റെ കാര്യത്തില്‍ നിര്‍ണായകമായതെന്ന് ഡോ. ഫത്താഹുദ്ദീന്‍ പറഞ്ഞു. രാജ്യത്താദ്യമായാണ് കോവിഡ് രോഗിയെ സി.ടി സ്‌കാനിന് വിധേയമാക്കിയത്.
ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് രണ്ടാം ദിനം രാവിലെ ഡ്യൂട്ടി നഴ്‌സിന് പതിവായി ചെയ്യുന്ന ഫോണ്‍ കോളാണ് നീലിന്റെ ജീവന്‍ രക്ഷിച്ചതെന്ന് ഡോ. ജേക്കബ് പറഞ്ഞു. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ഓക്‌സിജന്‍ നിലയിലെ നേരിയ വ്യതിയാനമുണ്ടെന്നും നഴ്‌സ് പറഞ്ഞു. സാധാരണ നിസാരമായി കാണാവുന്ന ഈ ലക്ഷണത്തോടൊപ്പം എന്‍.എല്‍.ആര്‍ അനുപാതം 3.5 ന് മുകളിലായതോടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക് പോവുകയാണെന്ന് മനസിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹത്തിന് ശ്വസന സഹായി നല്‍കി.
ഏതാനും മണിക്കൂറുകള്‍ കൊണ്ട് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെ എച്.ഐ.വി ആന്റി വൈറല്‍ മരുന്ന്, ഹൈഡ്രോക്‌സിക്ലോറോക്വീന്‍, അസിത്രോമൈസീന്‍ എന്നിവ നല്‍കാനുള്ള സമ്മതപത്രം നീലിന്റെ ഭാര്യ ജേന്‍ ലോക്വുഡില്‍നിന്നു ഒപ്പിട്ടു വാങ്ങുകയും ചെയ്തു. സഹാനുഭൂതി ഔഷധമെന്ന(കംപാഷണേറ്റ് മെഡിസിന്‍) നിലയിലാണ് ഇത് നല്‍കിയതെന്ന് ഡോ. ഫത്താഹുദ്ദീന്‍ പറഞ്ഞു. ലോകത്തെ മറ്റ് രാജ്യങ്ങള്‍ പിന്തുടരുന്ന മാതൃകയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ മരുന്നിനെക്കുറിച്ചും അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും ഡോക്ടര്‍മാര്‍ ബന്ധുക്കളെ പറഞ്ഞ് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 ന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നും രോഗം വഷളായ രോഗികളില്‍ ഇത് ഫലപ്രദമാകാന്‍ സാധ്യതയില്ലെന്നും ധരിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രയാന്‍ നീലിന് എട്ടു ദിവസത്തിനു ശേഷമാണ് പനി കുറഞ്ഞത്. രോഗം ശമിക്കുന്നുവെന്നതിന്റെ പ്രാഥമിക സൂചനയാണിതെന്നും ഡോ. ഫത്താഹുദ്ദീന്‍ ചൂണ്ടിക്കാട്ടി. കോവിഡ് ബാധക്ക് മുമ്പുള്ള രോഗിയുടെ ആരോഗ്യനില ചികിത്സയില്‍ ഏറെ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫില്‍നിന്ന് രോഗബാധിതനായി തിരികെ വീട്ടിലെത്തി അസുഖം മൂര്‍ച്ഛിച്ചതിനു ശേഷമാണ് കോവിഡ് മൂലം മരിച്ച ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ രോഗി മെഡിക്കല്‍ കോളേജിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഹൃദ്രോഗിയും, പ്രമേഹരോഗിയുമായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്നു വീട്ടിലെത്തിച്ച ടാക്‌സി ഡ്രൈവര്‍ക്കും രോഗമുണ്ടായി. അദ്ദേഹത്തെ മേല്‍പ്പറഞ്ഞ ചികിത്സാ രീതിയിലൂടെ പൂര്‍ണമായും ഭേദമാക്കാനായി എന്നും ഡോ ഫത്താഹുദ്ദീന്‍ പറഞ്ഞു.
24 മണിക്കൂര്‍ ഇടവേളയില്‍ രണ്ട് തവണ നടത്തിയ കോവിഡ് പരിശോധന നെഗറ്റീവ് ആണെങ്കില്‍ മാത്രമേ മാത്രമേ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പാടുള്ളൂ. വീട്ടില്‍ ചെന്നാലും 28 ദിവസം പൂര്‍ത്തിയാകുന്നതു വരെ ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചുള്ള ഹോം ക്വാറന്റൈന്‍ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ്-പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ സേവനം വിലമതിക്കാനാകാത്തതാണെന്ന് ഡോ. ജേക്കബ് പറഞ്ഞു. സുരക്ഷാ വസ്ത്രം ധരിച്ച് 4 മണിക്കൂര്‍ മാത്രമേ ഒരാള്‍ക്ക് വാര്‍ഡില്‍ കഴിയാനാകൂ. അതിനു ശേഷം നിശ്ചിത വിശ്രമ സമയം ആവശ്യമാണ്. അതിനാല്‍ നാല് മണിക്കൂര്‍ കൂടുമ്പോള്‍ ഡോക്ടറും സംഘവും മാറും. ഓരോ ഷിഫ്റ്റില്‍ വരുന്നവരും രോഗിയെ ശ്രദ്ധയോടുള്ള നിരീക്ഷണത്തിന് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവാണ് കോവിഡിനെ നേരിടാന്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.