കോട്ടയം- ലോക്ഡൗണിനിടെയും ഈസ്റ്റര്‍ തലേന്ന് ജനങ്ങള്‍ നിരത്തിലേക്ക് ഇറങ്ങിയതോടെ പോലീസ് വെട്ടിലായി. ഏറ്റുമാനൂരിലും പാലായിലും കോട്ടയം നഗരത്തിലുമുളള മാംസ- മത്സ്യവ്യാപാര കടകളിലേക്ക് പുലര്‍ച്ചെ മൂന്നരമണിമുതല്‍ ആളെത്തി. ഏറ്റുമാനൂരിലെ മാര്‍ക്കറ്റില്‍ 750 ഓളം ടോക്കണുകളാണ് പോയത്. ഏറെപേര്‍ തടിച്ചു കൂടിയതോടെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുളള പോലീസ് സംഘം എത്തിയാണ് രംഗം ശാന്തമാക്കിയത്.
ഇറച്ചിയും മീനും വാങ്ങാനായി ഇറച്ചിക്കടകളിലും കോള്‍ഡ് സ്റ്റോറേജുകള്‍ക്ക് മുന്നിലും വന്‍തിരക്ക് അനുഭവപ്പെട്ടു.പുലര്‍ച്ചെ മുതല്‍ വന്‍തോതിലാണ് ആളുകള്‍ മാംസവില്‍പന കേന്ദ്രങ്ങളിലേക്കെത്തിയത്. വൈകുന്നരത്തോടെ ലഭിക്കാതെ വരുമോയെന്ന ആശങ്കയില്‍ ആളുകള്‍ കൂട്ടമായെത്തിയതോടെ നിയന്ത്രണം പാളി. പലയിടത്തും പോലീസ് പരിശോധന നടത്തി നിയന്ത്രണമേര്‍പ്പെടുത്തി.
പഴം, പച്ചക്കറി മാര്‍ക്കറ്റുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ചിലയിടങ്ങളില്‍ പോലീസ് വിരട്ടിയോടിക്കുന്ന സംഭവമുണ്ടായി. വാഹനപരിശോധന നടത്തിയെങ്കിലും സാധനങ്ങള്‍ വാങ്ങാനാണെന്ന സത്യവാങ്മൂലവുമായി എത്തിയവരെ പോലീസിന് കടത്തിവിടാതിരിക്കാനായില്ല.
ഏറ്റുമാനൂരിലെ മാര്‍ക്കറ്റില്‍ പുലര്‍ച്ചെ മൂന്നര മുതല്‍ തന്നെ തിരക്ക് തുടങ്ങിയിരുന്നു. ഇതോടെയാണ് ടോക്കണ്‍ ഏര്‍പ്പെടുത്തിയത്. ഉച്ചയായതോടെ ടോക്കണ്‍ വാങ്ങാത്തവരും എത്തിയതോടെ അഞ്ഞൂറോളം പേരായി. ഇതോടെയാണ് പോലീസ് ഇടപെട്ടത്. കോട്ടയത്ത് കോടിമത മാര്‍ക്കറ്റിലും തിരക്കായിരുന്നു. ഗ്രാമ പ്രദേശങ്ങളില്‍ അനധികൃത ഇറച്ചി വില്‍പ്പനയും നടന്നു. പാക്കില്‍ പ്രദേശത്ത് കടയ്ക്കു മുന്നില്‍ വലിയ കൂട്ടം തന്നെ രൂപപ്പെട്ടു. ഇവിടെയും പോലീസ് എത്തി.