റിയാദ്- ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് സത്വര നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തതായി ലീഗല്‍ സെല്‍ അന്താരാഷ്ട്ര കോ ഓര്‍ഡിനേറ്ററും പ്ലീസ് ഇന്ത്യ ചെയര്‍മാനുമായ ലത്തീഫ് തെച്ചി അറിയിച്ചു.
അടുത്തയാഴ്ച സുപ്രീം കോടതി ഹരജിയില്‍ വാദം കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗര്‍ഭിണികളും രോഗികളും വിദ്യാര്‍ത്ഥികളും വിസിറ്റിങ് വിസയില്‍ എത്തിയവരുമടക്കം നിരവധി പേര്‍ വിവിധ രാജ്യങ്ങളിലായി നാട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാതെ പ്രയാസത്തിലാണ്.
ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, യു.എ.ഇ, സൗദി അറേബ്യ എന്നീ ജിസിസി രാജ്യങ്ങളില്‍ ജോലിയും ശമ്പളവുമില്ലാതെ ധാരാളം ഇന്ത്യക്കാര്‍ കുടങ്ങിക്കിടക്കുകയാണെന്നും പ്രവാസികളുടെ പൊതു താല്‍പര്യം മുന്‍ നിര്‍ത്തി ഇത്തരം പ്രവര്‍ത്തങ്ങളുമായി ഇനിയും മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ പ്രയാസം അനുഭവിക്കുന്നവര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും കേരള മുഖ്യമന്ത്രിക്കും നോര്‍ക്ക റൂട്‌സ്‌സിനും പരാതി നല്‍കണം. നാട്ടില്‍ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ ഇഖാമ നമ്പറും ഇമെയില്‍ വിലാസവും സഹിതം താഴെ കൊടുത്തിരിക്കുന്ന ഇ മെയിലുകളില്‍ അറിയിക്കാം. [email protected], [email protected]