മഞ്ചേരി-ഇന്ത്യയും അമേരിക്കയുമെല്ലാം ഇപ്പോഴും കൊവിഡിനോട് പൊരുതുകയാണ്. ഈ സാഹചര്യത്തില്‍ നിരവധി വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഉമ്മത്തിന്‍കായ കഴിച്ചാല്‍ കൊവിഡില്‍നിന്നും രക്ഷപെടാം എന്നതും. ഇതിന്റെ സത്യാവസ്ഥ വ്യക്തമാക്കുകയാണ് ഡോ. ഷിംന അസീസ്. ഫേസ്ബുക്കില്‍ പങ്ക് വെച്ച കുറിപ്പിലൂടെ ആണ് ഡോക്ടര്‍ ഈ കാര്യം വിശദമാക്കുന്നത്. ഈ കായ കഴിച്ചാല്‍ ആരോഗ്യപ്രമായി വന്‍ പ്രശ്‌നങ്ങളാണ് ഉണ്ടാകുക. ചിലപ്പോള്‍ മരണം വരെ സംഭവിക്കാമെന്നും ഷിംന പറയുന്നു. പോസ്റ്റിങ്ങനെ:
ആന്ധ്ര പ്രദേശില്‍ 'ഉമ്മത്തിന്‍കായ കൊറോണക്കെതിരെ ഉള്ള മരുന്നാണ്' എന്ന് പറയുന്ന ടിക്‌ടോക് വീഡിയോ വിശ്വസിച്ച് ഒറ്റമൂലി ഉണ്ടാക്കി കഴിച്ച പത്തിലേറെ പേര്‍ ആശുപത്രിയില്‍ എന്ന് വാര്‍ത്ത. 'മുള്ളുകളുള്ള' ഉമ്മത്തിന്‍കായക്ക് 'കൊമ്പുള്ള' കോവിഡ് വൈറസിനോടുള്ള രൂപസാദൃശ്യം ഈ വിഷക്കായ കോവിഡിനെതിരെയുള്ള മരുന്നെന്ന പ്രചാരണത്തിന് ഉപയോഗിക്കുകയായിരുന്നത്രേ. എജ്ജാതി സൈക്കോകള്‍!! വഴികളില്‍ സര്‍വ്വസാധാരണമായി കാണുന്ന ഉമ്മത്തിന്‍കായ കൊടുംവിഷമാണെന്ന് മലയാളികള്‍ക്ക് അറിയാം. എന്നാലും ഇത്തരം രൂപം വെച്ചുള്ള താരതമ്യപ്പെടുത്തല്‍ ഒക്കെ കണ്ട് 'ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ' എന്നോര്‍ത്ത് വിഷക്കായ പറിച്ച് പ്രയോഗിച്ച് നോക്കരുത്. വ്യാജമെസേജുകള്‍ ജീവനെടുത്തേക്കാം, വിശ്വസിക്കേണ്ടത് സര്‍ക്കാര്‍ ആരോഗ്യസംവിധാനം പുറത്ത് വിടുന്ന ഔദ്യോഗിക അറിയിപ്പുകളെയും അവയെ അടിസ്ഥാനപ്പെടുത്തി വരുന്ന വാര്‍ത്തകളേയും മാത്രമാണ്.
ഈ ചെടിയുടെ വര്‍ഗത്തില്‍ പെട്ട സര്‍വ്വ ചെടികളും കടുത്ത വിഷമാണ്. വിത്തും പൂവും ചിലയിനങ്ങളില്‍ വേരിന് പോലും കടുത്ത വിഷമുണ്ട്. ഇവ അകത്ത് ചെന്നാല്‍ കടുത്ത ശ്വാസതടസം, ഹൃദയത്തിന്റെ മിടിപ്പ് കൂടുക, പേശികള്‍ മുറുകിയ നിലയില്‍ ഏറെ സമയം നില്‍ക്കുക, കൃഷ്ണമണി വികസിച്ച നിലയില്‍ തുടരുക, വെളിച്ചത്തോടുള്ള ഭയം, ശരീരം അനിയന്ത്രിതമായി ചൂടാകുക, ഓര്‍മക്കുറവ്, ഇല്ലാക്കാഴ്ചകളും കേള്‍വികളും ഉണ്ടാകുക, മാനസികവിഭ്രാന്തി തുടങ്ങി വല്ലാത്ത സഹനമാണുണ്ടാകുക. തുടര്‍ന്ന് മരണവും സംഭവിക്കാം.
നിങ്ങള്‍ക്ക് കോവിഡ് വന്നാല്‍ ചികിത്സിക്കാന്‍ ഇവിടെ സര്‍വ്വസന്നാഹങ്ങളുമായി ഇന്ത്യയിലെ, ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യസംവിധാനങ്ങളിലൊന്ന് സദാ സജ്ജമായി നിലകൊള്ളുന്നുണ്ട് എന്ന സത്യം മനസ്സിലാക്കുക. വാട്ട്‌സ്ആപും ടിക്‌ടോകും ഫേസ്ബുക്കും ഇന്‍സ്റ്റയുമെല്ലാം ഈ അടച്ചിട്ട നേരത്ത് നമുക്ക് കൂട്ടുകാരാണെന്നതില്‍ സംശയമേതുമില്ല.
പക്ഷേ, ചങ്ങായി മോശമായാല്‍ പണി ഉമ്മത്തിന്‍കായയിലും കിട്ടും. അത് കൊണ്ട് തന്നെ പരീക്ഷണങ്ങള്‍ നടത്താതെ ഇത്തരം സന്ദേശങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക-ഡോക്ടര്‍ ഷിംന വിശദീകരിച്ചു.