Sorry, you need to enable JavaScript to visit this website.

മനുഷ്യക്കടത്ത് കേസിൽ മുതിർന്ന കുവൈത്തി സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി - മനുഷ്യക്കടത്ത് കേസിൽ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉദ്യോഗസ്ഥന്റെയും മറ്റേതാനും പേരുടെയും പാർട്ണർഷിപ്പിലുള്ള കമ്പനി മനുഷ്യക്കടത്ത് നടത്തിയെന്ന സംശയത്തെ തുടർന്നാണ് അറസ്റ്റ്. ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്. ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽസ്വാലിഹ് ആണ് പ്രഖ്യാപിച്ചത്. സൈനിക ഉദ്യോഗസ്ഥനു പുറമെ കമ്പനിയിലെ മറ്റു പാർട്ണർമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 


ഫർവാനിയ ഗവർണറേറ്റിൽ അറബ് വംശജരായ ഏതാനും തൊഴിലാളികൾ സംഘടിച്ച് പ്രതിഷേധിക്കുന്നതായി സുരക്ഷാ വകുപ്പുകൾക്കു വിവരം ലഭിച്ചതാണ് മനുഷ്യക്കടത്ത് കേസ് കണ്ടെത്താൻ സഹായിച്ചത്. ഹൂലിയിൽ തൂനിസ് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന സ്വകാര്യ സെക്യൂരിറ്റി കമ്പനിയുടെ സ്‌പോൺസർഷിപ്പിൽ റിക്രൂട്ട് ചെയ്ത തൊഴിലാളികളാണ് ഇവരെന്ന് വ്യക്തമായി. ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ കുവൈത്തി പൗരന്റെയും പ്രതിഷേധ പ്രകടനം നടത്തിയ തൊഴിലാളികളുടെ അതേ രാജ്യക്കാരായ അഞ്ചു വിദേശികളുടെയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്‌പോൺസർഷിപ്പിലുള്ളവരാണ് പ്രതിഷേധക്കാരെന്നും വ്യക്തമായി. 
വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന് ജോലിക്കായി പുറത്തേക്കു വിട്ട് അവരിൽ നിന്ന് പണം പറ്റി ലാഭമുണ്ടാക്കുകയാണ് കമ്പനി ചെയ്തിരുന്നത്. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്. പബ്ലിക് പ്രോസിക്യൂഷൻ വഴി സുരക്ഷാ ഉദ്യോഗസ്ഥനെതിരായ കേസ് കോടതിക്കു കൈമാറുന്നതിന് നടപടികൾ പൂർത്തിയാക്കി വരികയാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ അറിയിച്ചു. 

Latest News