Sorry, you need to enable JavaScript to visit this website.

ഗൾഫിലേക്ക് വിഷു കിറ്റുകൾക്ക് ഓർഡറില്ല; കർഷകർക്കു വൻ തിരിച്ചടി

നെടുമ്പാശ്ശേരി - കോവിഡ്19 വ്യാപനം മൂലം ഗൾഫ് മലയാളികൾക്ക് ഈ വർഷം വിഷുക്കണി കിറ്റ് ഇല്ല. എല്ലാ വർഷവും വിഷു കാലയളവിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മാത്രം കാൽ ലക്ഷത്തിൽപരം വിഷു കിറ്റുകൾ കയറ്റി അയച്ചിരുന്നതാണ്. ഗൾഫിലുള്ള മലയാളികൾ വിഷുവിനായി മുൻകൂട്ടി കിറ്റുകൾ ഓർഡർ ചെയ്യാറുണ്ട്.
ഓർഡർ അനുസരിച്ചുള്ള പച്ചക്കറികൾ തരം തിരിച്ച് പ്രത്യേക കാർഗോ വിമാനങ്ങളിലാണ് കയറ്റി അയക്കാറുള്ളത്. വിഷുക്കണിക്കായി പ്രത്യേകം ഓർഡർ ചെയ്യുന്ന കിറ്റുകളിൽ കണി കാണുന്ന എല്ലാ വിഭവങ്ങളും ഉൾപ്പെടുത്താറുണ്ട്. വെള്ളരി മുതൽ കശുവണ്ടി വരെ ഇരുപത്തൊന്നോളം സാധനങ്ങളാണ് ഒരോ കിറ്റിലും ഉണ്ടാകുക. 
ഗൾഫിലെ മാളുകളിൽ നിന്ന് ലഭിക്കുന്ന ഓർഡർ അനുസരിച്ച് വിഷുവിന് മുൻപുള്ള രണ്ട് മൂന്ന് ദിവസങ്ങളിലായാണ് സ്‌പെഷ്യൽ കാർഗോ വിമാനങ്ങളിൽ കിറ്റുകൾ കയറ്റി അയക്കാറുള്ളത്. കോവിഡ്19 മൂലം ഈ വർഷം വിഷുക്കണിക്കുള്ള പച്ചക്കറി കിറ്റുകൾക്ക് ഇതുവരെ ഓർഡർ  ലഭിച്ചിട്ടില്ല.


വിഷു കിറ്റുകൾ കയറ്റി അയക്കുക വഴി കേരളത്തിലെ പച്ചക്കറി വൻതോതിൽ ചെലവാകാറുണ്ട്. വയനാട്, ഇടുക്കി, തൃശുർ ജില്ലകളിൽ നിന്നാണ് ഗൾഫിലേക്കുള്ള പച്ചക്കറികൾ  പ്രധാനമായും ശേഖരിക്കാറുള്ളത്. കർഷകർക്ക് ഇത് വലിയ ഒരു വരുമാന മാർഗമായിരുന്നു. വിഷുവിന് ഗൾഫിലേക്ക് കയറ്റുമതി ലക്ഷ്യം വെച്ചുകൊണ്ട് ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന കർഷർ നിരവധിയുണ്ട്. ഗൾഫിലേക്ക് കയറ്റി അയക്കേണ്ടതിനാൽ പ്രത്യേക മാർഗ നിർദേശങ്ങൾ അനുസരിച്ചാണ് ഇവരുടെ കൃഷി. വായ്പയടുത്ത് ഗൾഫിലെ വിഷുവിനു വേണ്ടി പച്ചക്കറി കൃഷി ചെയ്തവർക്ക് കോവിഡ്19 മൂലം ഗൾഫ് നാടുകളിൽ വിഷു ആലോഷിക്കാതെ വന്നത് വൻ തിരിച്ചടിയായിട്ടുണ്ട്. പല കർഷകർക്കും വലിയ ബാധ്യതയുണ്ട്. മാർച്ച് 22 ന് കൊച്ചിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തലാക്കിയതിനു ശേഷം വളരെ കുറച്ച് പച്ചക്കറി മാത്രമേ കയറ്റി അയിച്ചിട്ടുള്ളൂ. ഗൾഫിലെ ഹൈപ്പർ മാർക്കറ്റുകളിൽ കോവിഡ്19 ഭീഷണി വന്നതിനു ശേഷം പച്ചക്കറി ഉൾപ്പെടെയുള്ള വിൽപനകളിൽ വൻ ഇടിവാണുണ്ടായത്. ഇതുമൂലം സാധാരണ ദിവസങ്ങളിൽ കയറ്റി അയക്കാറുള്ള പച്ചക്കറി പോലും കയറ്റി അയക്കുവാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. 
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മാത്രം ദിവസേന വിവിധ വിമാനങ്ങളിലായി ശരാശരി നൂറ് ടൺ പച്ചക്കറിയാണ് കയറ്റി അയച്ചുകൊണ്ടിരുന്നത്. ഇത് കൂടാതെ വിഷു കാലയളവിൽ അഞ്ച് ദിവസം പച്ചക്കറി കയറ്റുമതി  ഇരട്ടിക്കുമായിരുന്നു. ഈ വർഷം ഈ കാലയളവിൽ 650 ടണിൽ കൂടുതൽ പച്ചക്കറി കയറ്റി അയിച്ചിട്ടില്ല. കുറഞ്ഞത് രണ്ടായിരം ടൺ പച്ചക്കറി കയറ്റി വിടേണ്ട സ്ഥാനത്താണ് ഈ സ്ഥിതി. 


 

Latest News