Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഹോം ഡെലിവറിക്കു പുതിയ വ്യവസ്ഥകൾ


റിയാദ് - കൊറോണ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹോം ഡെലിവറിക്കു മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം താൽക്കാലികമായി പുതിയ വ്യവസ്ഥകൾ ബാധകമാക്കി. ഹോം ഡെലിവറി മേഖലക്ക് ബാധകമായ ആരോഗ്യ വ്യവസ്ഥാ നിയമാവലി ആക്ടിംഗ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ അംഗീകരിച്ചു. ഹോം ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ശരീര താപനില ദിവസേന പരിശോധിക്കണമെന്നതാണ് പുതിയ വ്യവസ്ഥകളിൽ പ്രധാനം. 


കൂടാതെ ഓർഡർ പ്രകാരമുള്ള തുക കാഷ് ആയി കൈകാര്യം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. പകരം ഓൺലൈൻ പെയ്‌മെന്റ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്നാണ് വ്യവസ്ഥ. രണ്ടു മീറ്റർ അകലെ നിന്നായിരിക്കണം ഓർഡറുകൾ കൈമാറേണ്ടതെന്നും നിയമാവലി നിഷ്‌കർഷിക്കുന്നു. ഹോം ഡെലിവറി സേവനം നൽകുന്ന റസ്റ്റോറന്റുകൾ, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ, സെൻട്രൽ മാർക്കറ്റുകൾ, ബഖാലകൾ, രജിസ്റ്റർ ചെയ്ത ഓൺലൈൻ ആപ് കമ്പനി പ്രതിനിധികൾ എന്നിവർക്കെല്ലാം പുതിയ നിയമാവലി ബാധകമാണ്. 
പാർസലായി അയക്കുന്ന സാധനങ്ങളിൽ സംശയം തോന്നുന്ന പക്ഷം ഡെലിവറി പ്രതിനിധിയോ ഉപയോക്താവോ സുരക്ഷാ വകുപ്പുകളെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. നിരോധിക്കപ്പെട്ടതും അപകടകരവുമായ വസ്തുക്കൾ ഹോം ഡെലിവറി രീതിയിൽ ഉപയോക്താക്കൾക്ക് എത്തിച്ചു നൽകുന്നതിന് വിലക്കുണ്ട്. സ്ഥാപനത്തിൽ നിന്ന് ഉപയോക്താവിന്റെ അടുത്തേക്ക് 45 മിനിറ്റിൽ കൂടുതൽ യാത്രാ സമയം വേണ്ടിവരുന്ന ഓർഡറുകളും ഡെലിവറി ചെയ്യുന്നതിന് വിലക്കുണ്ട്. 


നിയമാവലി ലംഘിക്കുന്ന ഡെലിവറി ആപ് പ്രതിനിധിയുടെ അക്കൗണ്ടുകൾ ബന്ധപ്പെട്ട വകുപ്പുകൾ ബ്ലോക്ക് ചെയ്യും. ഹോം ഡെലിവറി സേവനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇസ്തിമാറയും (വാഹന ഉടമസ്ഥാവകാശ രേഖ) ഇൻഷുറൻസും ഉണ്ടായിരിക്കണം. വാഹനം വൃത്തിയുള്ളതുമായിരിക്കണം. ഭക്ഷണങ്ങൾ അനുയോജ്യമായ താപനിലയിൽ സൂക്ഷിക്കുന്നതിനുള്ള കണ്ടെയ്‌നറുകളും വാഹനങ്ങളിലുണ്ടായിരിക്കണം. കണ്ടെയ്‌നറുകൾ പതിവായി വൃത്തിയാക്കാൻ പറ്റുന്ന വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചവയായിരിക്കണമെന്നും നന്നായി അടക്കാൻ പറ്റുന്നത് ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 


ഹോം ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്നവരുടെ പ്രായം പതിനെട്ടിൽ കുറവാകാൻ പാടില്ല. സ്മാർട്ട് ഫോൺ ആപ്പുകൾക്കു കീഴിൽ ഹോം ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്നവർ സൗദികളായിരിക്കണം. ഡെലിവറി ജീവനക്കാർ മുമ്പ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാകാനും പാടില്ല. ഇവർക്ക് ഡ്രൈവിംഗ് ലൈസൻസും ഹെൽത്ത് കാർഡോ രോഗമുക്തരാണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. കൂടാതെ ഹോം ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്നത് വ്യക്തമാക്കുന്ന തിരിച്ചറിയൽ കാർഡും ഇവർക്കുണ്ടായിരിക്കണം. ഓർഡറുകൾ കൈമാറുമ്പോൾ കൈയുറകളും മാസ്‌കുകളും ധരിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. പാർസലുകൾ പൊതിയുന്നതിന് ഉപയോഗിക്കുന്ന കീസുകൾ ഉപയോക്താക്കൾ സുരക്ഷിതമായി നശിപ്പിക്കണമെന്നും നിയമാവലി ആവശ്യപ്പെടുന്നു. 

Latest News