ജിദ്ദ - അനധികൃതമായി വൻതോതിൽ സവാള സംഭരിച്ച് മൊത്ത വിൽപന മേഖലയിൽ പ്രവർത്തിച്ചിരുന്ന വിദേശ തൊഴിലാളികളെ വാണിജ്യ മന്ത്രാലയവും സുരക്ഷാ വകുപ്പുകളും ചേർന്ന് പിടികൂടി. ജിദ്ദയിലെ അനധികൃത ഗോഡൗണിൽ സവാള ശേഖരം എത്തിച്ച് ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതെ കീസുകളിൽ നിറച്ച് മൊത്തമായി വിൽക്കുകയാണ് സംഘം ചെയ്തിരുന്നത്. സ്ഥാപനം അടപ്പിച്ച അധികൃതർ 5.4 ടൺ സവാള പിടിച്ചെടുത്തു. പാവങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നതിന് ഇക്കൂട്ടത്തിൽ ഉപയോഗ യോഗ്യമായ സവാള പിന്നീട് സന്നദ്ധ സംഘടനകൾക്ക് കൈമാറി.
നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് വിദേശ തൊഴിലാളികളെ സുരക്ഷാ വകുപ്പുകൾക്ക് കൈമാറി. നിയമ വിരുദ്ധ സ്ഥാപനത്തിൽ വിദേശികൾ സവാള ശേഖരിച്ചു വെച്ചതിന്റെയും കീസുകളിൽ നിറക്കുന്നതിന്റെയും സ്ഥാപനം അധികൃതർ റെയ്ഡ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു.