Sorry, you need to enable JavaScript to visit this website.

സ്വകാര്യ സ്ഥാപനങ്ങൾ ഇന്നു മുതൽ ഉയർന്ന തോതിൽ സൗദിവൽക്കരണം നടപ്പാക്കൽ നിർബന്ധം

ചെറുകിട സ്ഥാപനങ്ങൾ നിതാഖാത്ത് പരിധിയിൽ

റിയാദ് - അഞ്ചു മുതൽ ഒമ്പതു വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾ സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്തിന്റെ പരിധിയിൽ വന്നു. ഈ മാസം ഒന്നു മുതലാണ് ഇത്തരം സ്ഥാപനങ്ങൾക്ക് നിതാഖാത്ത് നിർബന്ധമാക്കിയത്. ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇതുവരെ നിതാഖാത്ത് ബാധകമായിരുന്നല്ല. കൂടുതൽ സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അഞ്ചു മുതൽ ഒമ്പതു വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടി നിതാഖാത്ത് നിർബന്ധമാക്കിയത്. ചെറുകിട സ്ഥാപനങ്ങളെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം രണ്ടു വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. അഞ്ചു മുതൽ ഒമ്പതു വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളും ഒന്നു മുതൽ നാലു വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളുമായാണ് ചെറുകിട സ്ഥാപനങ്ങളെ തരംതിരിച്ചിരിക്കുന്നത്. അഞ്ചു മുതൽ ഒമ്പതു വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് നിതാഖാത്ത് ബാധകമാക്കിയെങ്കിലും ഒന്നു മുതൽ നാലു വരെ ജീവനക്കാരുള്ള തീർത്തും ചെറിയ സ്ഥാപനങ്ങളെ തുടർന്നും നിതാഖാത്തിൽ നിന്ന് ഒഴിവാക്കും. 

സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന നിതാഖാത്ത് നടപ്പാക്കി തുടങ്ങിയ ശേഷം സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണം പതിനെട്ടു ലക്ഷത്തിലധികമായി ഉയർന്നിട്ടുണ്ട്. സൗദിവൽക്കരണ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളെ ചുവപ്പ്, മഞ്ഞ, പച്ച, പ്ലാറ്റിനം എന്നീ വിഭാഗങ്ങളായി തരംതിരിച്ച്, ഉയർന്ന തോതിൽ സൗദിവൽക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് പ്രോത്സാഹനങ്ങളും മിനിമം സൗദിവൽക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികളും സ്വീകരിക്കുന്ന പദ്ധതിയാണ് നിതാഖാത്ത്. ചുവപ്പ് സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്ന് ഒരുവിധ സേവനങ്ങളും ലഭിക്കില്ല. ഇത്തരം സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളെ തൊഴിലുടമയുടെ അനുമതി കൂടാതെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് അനുവദിക്കുന്നുണ്ട്. മഞ്ഞ വിഭാഗം സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്.

പച്ച, പ്ലാറ്റിനം വിഭാഗം സ്ഥാപനങ്ങൾക്ക് പുതിയ തൊഴിൽ, വിസ അടക്കമുള്ള പ്രോത്സാഹനങ്ങൾ മന്ത്രാലയത്തിൽ നിന്ന് ലഭിക്കും. പരിഷ്‌കരിച്ച നിതാഖാത്ത് ഇന്നു മുതൽ നിലവിൽവരും. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് ബാധകമായ സൗദിവൽക്കരണ അനുപാതം പരിഷ്‌കരിച്ച നിതാഖാത്തിൽ വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. പുതുതായി ഏതാനും മേഖലകൾ കൂടി നിതാഖാത്തിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. നേരത്തെ മറ്റു മേഖലകൾക്കു കീഴിലായിരുന്ന ഈ മേഖലകളെ പ്രത്യേക മേഖലയായി നിർണയിച്ച് കൂടുതൽ അനുയോജ്യമായ സൗദിവൽക്കരണ അനുപാതം ബാധകമാക്കുകയാണ് ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ  കണക്കുകൾ പ്രകാരം സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനായി വർധിച്ചിട്ടുണ്ട്.
 

Latest News