കണ്ണൂർ - കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാർക്ക് ദീർഘകാലത്തേക്ക് പ്രയോജനകരമാകുന്ന വിധത്തിലാകണമെന്ന് കെ.സുധാകരൻ എം.പി പ്രധാനമന്ത്രി നേരന്ദ്ര മോഡിക്കയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു. കോവിഡ് 19 കൂടുതലായി ബാധിച്ച രാജ്യങ്ങളിൽ 20 ലക്ഷം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. പല വിദേശ രാജ്യങ്ങളിലും ഗൾഫ് മേഖലകളിലും ജോലി ചെയ്ത് വരുന്നവരിൽ കൂടുതൽ പേരും ശോചനീയമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന ലേബർ ക്യാമ്പുകളിലാണ് താമസിക്കുന്നത്. ഇവരുടെ ആരോഗ്യ സുരക്ഷ സംബന്ധിച്ച് ആശങ്കയുള്ളതിനാൽ പ്രധാനമന്ത്രി ഇടപെട്ട് ഇന്ത്യക്കാരെ രാജ്യത്ത് തിരികെ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു. ഇന്ത്യയിൽ താമസിക്കുന്ന ഓരോ പൗരൻമാരെയും സംരക്ഷിക്കുന്നതു പോലെ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്. കോവിഡ് 19 പടർന്നു പിടിച്ചി
രിക്കുന്ന പല വികസിത രാജ്യങ്ങളിൽ പോലും ചികിൽസാ രംഗത്ത് ആശങ്കയുണ്ട്. പല രാജ്യങ്ങളും ആ രാജ്യത്തെ ജനങ്ങൾക്ക് മാത്രമേ ചികിത്സക്കും മറ്റ് സഹായങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകന്നുള്ളൂ.
ജർമനി ഉൾപ്പെടെയുള്ള പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ പ്രത്യേക വിമാനത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും തിരികെ എത്തിച്ചത് പോലെ ഇന്ത്യയും ഇടപെടണം. എല്ലാ ഇന്റർനാഷണൽ എയർപോർട്ടുകളിലെയും ചെക്കിംഗ് പോയിന്റുകളിൽ കൊറോണ റാപ്പിഡ് ടെസ്റ്റിനുള്ള സംവിധാനം ഒരുക്കണം. വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവരിലൂടെ രോഗത്തിന്റെ സമൂഹ വ്യാപനം ഉണ്ടാകുന്നത് തടയാൻ എയർപോർട്ടുകളിൽവെച്ച് തന്നെ പരിശോധിച്ച് രോഗം സ്ഥിരീകരിക്കുന്നവരെ പാർപ്പിക്കുന്നതിനായി എയർപോർട്ടുകളുടെ സമീപ പ്രദേശങ്ങളിലുള്ള ആശുപത്രികൾ, ഹോട്ടലുകൾ, സ്‌കൂളുകൾ എന്നിവ ക്വാറന്റൈൻ സെന്ററുകളാക്കി മാറ്റണം.
എയർപോർട്ടിന്റെ സമീപ പ്രദേശങ്ങളിൽ തന്നെ എല്ലാ സൗകര്യങ്ങളുമുള്ള താൽക്കാലിക ഐസൊലേഷൻ സംവിധാനങ്ങൾ പട്ടാളത്തിന്റെ സഹായത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കി ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാർക്ക് പ്രയോജനകരമാക്കണമെന്ന് സന്ദേശത്തിൽ ആവശ്യപ്പെട്ടു.