Sorry, you need to enable JavaScript to visit this website.

പണമയക്കൽ നിലച്ചു; ഇ-സി.ഡി.എമ്മുകൾ വിജനം 

കോട്ടയം- ലോക് ഡൗൺ തുടരുമ്പോൾ അതിഥി തൊഴിലാളികളുടെ പണമയയ്ക്കൽ കേന്ദ്രങ്ങളായ സിഡിഎമ്മുകൾ വിജനം. കേരളത്തിലെ മിക്ക നഗരങ്ങളിലും പണം നിക്ഷേപിക്കാവുന്ന സിഡിഎമ്മുകൾ വ്യാപകമായത് അതിഥി തൊഴിലാളികളുടെ കടന്നുവരവോടെയാണ്. വൈകുന്നേരങ്ങൾ സിഡിഎമ്മുകളിൽ വലിയ നിരകളാണ് രൂപപ്പെട്ടിരുന്നത്. പ്രത്യേകിച്ച് ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും.


പക്ഷേ കോവിഡ് അടച്ചുപൂട്ടൽ എത്തിയതോടെ കഥ മാറി. തൊഴിൽ മേഖല നിശ്ചലമായതോടെ അതിഥി തൊഴിലാളികളുടെ പണം അയക്കൽ നിലച്ചു. വൈകുന്നേരങ്ങളിലുളള നഗരത്തിലേക്കുളള ഒഴുക്ക് ഇല്ല. മൊബൈൽ റീചാർജ് ചെയ്യുന്നതിനും കാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ നാട്ടിലേക്ക് പണം അയക്കുന്നതിനുമാണ് അതിഥി തൊഴിലാളികൾ നഗരത്തിലെത്തിയിരുന്നത്. ലോക് ഡൗണും പണം അയക്കലും നിന്നതോടെ സിഎഡിഎമ്മുകളിലെ തിരക്കൊഴിഞ്ഞു.
അതിഥി തൊഴിലാളികളിൽ 25.3 ശതമാനം മാത്രമാണ് സ്ഥിരമായി പണം നാട്ടിലേക്ക് അയക്കാത്തതെന്നാണ് അടുത്തയിടെ നടന്ന ഒരു സർവേയിൽ വ്യക്തമാക്കിയത്. അതായത് 75 ശതമാനവും വരുമാനം നാട്ടിലേക്ക് അയക്കുന്നു. കല്ലാശാരി, സഹായി എന്നീ മേഖലകളിലാണ് അതിഥി തൊഴിലാളികളിൽ ഭൂരിപക്ഷവും ജോലിയെടുക്കുന്നത്. ശരാശരി 2500 മുതൽ 5000 രൂപവരെയാണ് ഒരുമാസം ഇവർ നാട്ടിലേക്ക് അയക്കുന്നതെന്നാണ് റിപ്പോർട്ടിലുളളത്. അത് ഭൂരിപക്ഷവും സിഡിഎമ്മിലൂടെയാണ്. നാട്ടിലുളള പങ്കാളിയുടെയോ, അടുത്ത ബന്ധുക്കളുടെയോ അക്കൗണ്ടിലേക്കാണ് പണം അയക്കുന്നത്. മറ്റു ചിലർ എടിഎം കാർഡ് നാട്ടിൽ ഏൽപ്പിച്ചശേഷം അതേ അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. 


കോട്ടയം നഗരത്തിൽ ആകെ 15 ഓളം സിഡിഎമ്മുകളാണ് ഉളളത്. ഇതിൽ എസ്ബിഐയാണ് മുന്നിൽ. ആറോളം സിഡിഎമ്മുകളാണ് എസ്ബിഐക്കുളളത്. ഇതിൽ തിരുനക്കരയിലേത് ഇ കോർണറാണ്. 
ഇവിടെ മൂന്ന് സിഡിഎമ്മുകളാണ് ഉളളത്. ഇ കോർണറിലായിരുന്നു ഏറ്റവും അതിഥി തൊഴിലാളികളും ഏറ്റവും അധികം തിരക്കുണ്ടായിരുന്നത്. ലോക് ഡൗൺ പൂർണമായതോടെ ഇവിടെ പൂർണമായും ആളൊഴിഞ്ഞു.


 

Latest News