കല്‍പറ്റ-നേത്രരോഗ ചികിത്സയ്ക്കു കാഞ്ഞങ്ങാടുനിന്നു കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് കാമ്പസിലുള്ള മൃഗചികിത്സാകേന്ദ്രത്തിലെത്തിച്ച നായ്ക്കുട്ടിയില്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. കാഞ്ഞങ്ങാട് സ്വദേശിനി ശോഭന നായരുടെ പഗ് ഇനത്തില്‍പ്പെട്ട ഒരു വയസുകാരന്‍ ടിന്റുവിനെയാണ് ഡിസെല്‍ഗ്രാഫ്റ്റിംഗ് ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയത്.
നേത്രപടലത്തിലൂടെ ഐറിസ് പുറത്തേക്ക് തള്ളുന്ന സ്റ്റഫൈലോമ എന്ന രോഗത്തിനായിരുന്നു ശസ്ത്രക്രിയ. വിദഗ്ധചികിത്സക്കായി കഴിഞ്ഞ ദിവസമാണ് ടിന്‍ുവിനെ കാഞ്ഞങ്ങാടുനിന്നു പൂക്കോട് മൃഗചികിത്സാകേന്ദ്രത്തിലേക്കു റഫര്‍ ചെയ്തത്. കൊറോണ വ്യാപനത്തെത്തുടര്‍ന്നു കര്‍ശനമായ സഞ്ചാരനിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ കാഞ്ഞങ്ങാടുനിന്നു ടിന്റുവിനെ വയനാട്ടിലേക്കു കൊണ്ടുവരുന്നതിനു കാസര്‍ഗോഡ്, വയനാട് ജില്ലാ കലക്ടര്‍മാരുടെ ഇടപെടലാണ് സഹായകമായത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് നായ്ക്കുട്ടിയെ പൂക്കോട് എത്തിച്ചത്. ഡോ.സൂര്യദാസ്, ഡോ.ജിഷ ജി.നായര്‍, ഡോ.വിപിന്‍ പ്രകാശ്, ഡോ.കെ.എം.രാഹുല്‍ റാവു, ഡോ.സൂരജ് ഗൗരവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഉച്ചയോടെ ടിന്റുവിനെ ഉടമ കാഞ്ഞങ്ങാട്ടേക്കു കൊണ്ടുപോയി.