തിരുവനന്തപുരം- വയനാട്ടിൽ ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളി സംഘത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ആഹാരമെത്തിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ വയനാട്ടിൽ അങ്ങനെയൊരു സംഭവം ആരുടെയും ശ്രദ്ധയിലില്ല. പിന്നീടാണ് വയനാട് മണ്ഡലത്തിൽപെട്ട മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ നിന്നാണ് അങ്ങനെ ഒരു വാർത്ത ചില പത്രങ്ങളിൽ വന്നത് എന്ന് മനസ്സിലായി. അവിടെ ഭക്ഷണത്തിന് ഒരു ക്ഷാമവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അതിഥി തൊഴിലാളികൾക്കും പ്രയാസപ്പെടുന്ന മറ്റെല്ലാവർക്കും ആവശ്യമായ സഹായങ്ങൾ യോജിപ്പോടെ തന്നെ ചെയ്യുന്നുണ്ട്. അതിനു ഭംഗം വരുന്ന രീതിയിലോ അതിനെ ഇകഴ്ത്തിക്കെട്ടുന്ന രീതിയിലോ ഉള്ള മത്സരവും തെറ്റായ പ്രചാരണവും ഉണ്ടാകരുത്. അതിൽനിന്ന് എല്ലാവരും മാറിനിൽക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
അതിഥി തൊഴിലാളികൾക്ക് അമിത പ്രാധാന്യം കൊടുക്കുന്നുവെന്നും മറ്റും ചില പ്രചാരണങ്ങളും നടക്കുന്നുണ്ട്. അത് ചില വക്രബുദ്ധികളുടെയും അവരുടെ കുരുട്ട് രാഷ്ട്രീയത്തിന്റെയും ഉൽപന്നമാണ്. കഷ്ടത അനുഭവിക്കുമ്പോൾ കൈത്താങ്ങ് നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. മെച്ചപ്പെട്ട ഭക്ഷണം അവർക്ക് ലഭ്യമാക്കാനുള്ള ഇടപെടൽ തുടർന്നും ഉണ്ടാകും. അതിഥി തൊഴിലാളികൾക്ക് നാടുകളിലേക്ക് തിരിച്ചുപോകാൻ യാത്രാ സൗകര്യം വേണമെന്ന് അവർ ആവശ്യപ്പെടുന്നുണ്ട്. അതിനായി ലോക്ഡൗണിനു ശേഷം പ്രത്യേക ട്രെയിൻ ഏർപ്പാടു ചെയ്യുന്ന കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കണ്ണട ഷോപ്പുകൾക്ക് ആഴ്ചയിൽ ഒരു ദിവസം പ്രവർത്തിക്കാൻ ഇളവു നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഴിയുന്നത്ര പരീക്ഷകളും മൂല്യനിർണയവും ഓൺലൈൻ വഴിയാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വേനൽമഴ ലഭിക്കുന്നതിനാൽ കൃഷി തുടങ്ങാനുള്ള സമയമാണ്. അതിന് വളവും കാർഷിക ഉപകരണങ്ങളും അവശ്യഘടകമാണ്. ഇതു രണ്ടും ലഭ്യമാക്കാൻ സൗകര്യം ഒരുക്കും. കൊയ്ത്ത് തടസ്സമില്ലാതെ നടക്കാൻ കലക്ടർമാർ ഇടപെടും. റിസർച്ച് സ്കോളർമാർക്കുള്ള ഫെലോഷിപ്പ് കുടിശ്ശിക വിതരണം ചെയ്യാൻ നിർദേശം നൽകി.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ടു മാസമായി ശമ്പളം ലഭിക്കുന്നില്ല എന്ന പരാതി പരിഹരിക്കാൻ ഇടപെടും. സന്നദ്ധ വളണ്ടിയർമാരുടെ രജിസ്ട്രേഷൻ ഊർജിതമായിട്ടുണ്ടെങ്കിലും 119 തദ്ദേശ സ്ഥാപനങ്ങളിൽ 50 ൽ താഴെ മാത്രം വളണ്ടിയർമാരാണുള്ളത്. ഈ വിഷയത്തിൽ പ്രത്യേക ഇടപെടലിന് തീരുമാനിച്ചു.
സംസ്ഥാനത്ത് പോലീസിന്റെ സേവനം നന്നായി നടക്കുന്നു എന്നാണ് ലോക്ഡൗൺ കാലത്തെ പൊതു വിലയിരുത്തൽ. എന്നാൽ, വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ഒറ്റപ്പെട്ട അനുഭവമുണ്ടാകുന്നുണ്ട്. ഔചിത്യപൂർണമായ ഇടപെടലാണ് വേണ്ടത്. ജീവനക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനത്തിലായതുകൊണ്ട് പല സർക്കാർ ഓഫീസുകളും അടഞ്ഞു കിടക്കുന്നുണ്ട്. കൃഷി ഭവനുകൾ ഉൾപ്പെടെയുള്ളവ ആവശ്യാനുസരണം പ്രവർത്തനം ക്രമീകരിക്കണം.
കോവിഡ് രോഗം ബാധിച്ച മനുഷ്യരിൽനിന്ന് രോഗം കുരങ്ങുകളിലേക്ക് വ്യാപിക്കാമെന്ന സംശയം ഉയർന്നിട്ടുണ്ട്. കുരങ്ങൻമാർക്ക് ഭക്ഷണം നൽകുന്നവർക്ക് രോഗലക്ഷണങ്ങൾ ഇല്ല എന്നുറപ്പു വരുത്തണം. കാടിനോട് അടുത്ത പ്രദേശങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകളിൽ കുരങ്ങൻമാരിൽ നിന്ന് വിട്ടുനിൽക്കണം. ഈ ഘട്ടത്തിൽ കാട്ടുതീ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത പാലിക്കാനും വനംവകുപ്പ് നിർദേശം നൽകി. മത്സ്യം പിടിച്ചെടുക്കുമ്പോൾ പരിശോധിച്ച് കേടായ മത്സ്യമാണ് എന്ന് ഉറപ്പാക്കിയ ശേഷമേ നശിപ്പിക്കാവൂവെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.