Sorry, you need to enable JavaScript to visit this website.

സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ കാലിയായി; ഡിപ്പോയിൽ സ്റ്റോക്കുള്ള പലവ്യഞ്ജനങ്ങൾ കിറ്റ് നിറയ്ക്കാൻ മാത്രം  

കാസർകോട്- സിവിൽ സപ്ലൈസ് കോർപറേഷന്റെ കീഴിലുള്ള സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകൾ മുന്നറിയിപ്പില്ലാതെ അധികൃതർ കാലിയാക്കിയപ്പോൾ നിത്യോപയോഗ സാധനങ്ങൾ വാങ്ങിക്കാൻ സൂപ്പർ മാർക്കറ്റുകളിലും സപ്ലൈക്കോ ഔട്ട് ലെറ്റുകളിലും എത്തിയ സാധാരണ ജനങ്ങൾ വലഞ്ഞു. കോവിഡ് വൈറസ് ബാധയെ തുടർന്ന് റേഷൻ കാർഡുടമകൾക്ക് പലവ്യഞ്ജന കിറ്റുകൾ നൽകുന്നതിനുള്ള സർക്കാർ നിർദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകളിൽ അവശ്യ സാധനങ്ങൾ വിൽപന നടത്തുന്നത് നിർത്തിയത്. സൂപ്പർ മാർക്കറ്റുകളിലേക്കും സപ്ലൈകോ ഔട്ട് ലെറ്റുകളിലേക്കും ചില്ലറ വിൽപനക്കായി ഡിപ്പോയിൽനിന്ന് ഇപ്പോൾ അവശ്യ സാധനങ്ങൾ നൽകുന്നില്ല. കിറ്റ് നിറയ്ക്കാൻ ആവശ്യമായ സാധനങ്ങൾ മാത്രമാണ് ഡിപ്പോയിൽനിന്ന് നിലവിൽ നൽകുന്നത്. 1000 രൂപ വിലവരുന്ന 17 പലവ്യഞ്ജന ഇനങ്ങൾ അടങ്ങുന്ന സൗജന്യ കിറ്റുകൾ ഒരു ഡിപ്പോയിൽനിന്ന് ഒരു ദിവസം ചുരുങ്ങിയത് 5000 എണ്ണം ഉണ്ടാക്കണമെന്നാണ് ചെയർമാനും എം.ഡിയും ഡിപ്പോ മാനേജർമാർക്ക് നൽകിയ നിർദേശം. കിറ്റിൽ ഉൾപ്പെടുത്തേണ്ടുന്ന സാധനങ്ങളിൽ കുറവ് വരുന്ന മാവേലി, നോൺ മാവേലി ഇനങ്ങൾ ഡി.എം.സി മുഖേന വാങ്ങി ലഭ്യമാക്കണമെന്നും നിർദേശിച്ചിരുന്നു.

വിൽപനശാലകളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ആറു മണിവരെ കിറ്റ് തയാറാക്കുന്ന ജോലികൾ നടത്തണമെന്നും ആളുകളുടെ കുറവുണ്ടെങ്കിൽ സന്നദ്ധ സേവകരുടെയോ കുടുംബശ്രീ വനിതകളുടെയോ സേവനം തേടാമെന്നും നിർദേശിച്ചിരുന്നു. കിറ്റ് തയാറാക്കുന്നതിന്റെ പുരോഗതി ഉച്ചക്കും വൈകീട്ടും ബന്ധപ്പെട്ട മേലധികാരികളെ അറിയിക്കണമെന്നും ഉത്തരവുണ്ടായിരുന്നു. അതനുസരിച്ച് കിറ്റുകൾ തയാറാക്കുന്ന ജോലികൾ മാത്രമാണ് കഴിഞ്ഞ കുറെ ദിവസങ്ങളിൽ വിൽപന കേന്ദ്രങ്ങളിൽ നടക്കുന്നത്. ഡിപ്പോകളിൽ സ്റ്റോക്കുള്ള സാധനങ്ങൾ മുഴുവൻ കിറ്റിലേക്ക് മാറ്റിയതിനാൽ പലവ്യഞ്ജനങ്ങൾ വാങ്ങിക്കാൻ എത്തുന്ന സാധാരണക്കാർക്ക് വെറും കൈയ്യോടെ മടങ്ങേണ്ടിവരുന്നു എന്നാണ് വിവിധ സൂപ്പർ മാർക്കറ്റുകളിൽനിന്നും സപ്ലൈകോ ഔട്ട് ലെറ്റുകളിലും നിന്നും ലഭിക്കുന്ന വിവരങ്ങൾ. കോവിഡിന്റെ മറവിൽ നിത്യോപയോഗ സാധനങ്ങൾക്ക് പൊതുവിപണിയിൽ വൻ തോതിൽ വിലക്കയറ്റിയപ്പോൾ രണ്ടും മൂന്നും രൂപയുടെ വിലയുടെ കുറവുണ്ടായിരുന്ന സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകൾ സാധാരണ ജനങ്ങൾക്ക് വലിയൊരു ആശ്വാസമായിരുന്നു. 

 

Latest News