കോട്ടയം - ലോക്ഡൗണിനിടെ ഈരാറ്റുപേട്ട പോലീസ് കസ്റ്റഡി മർദനവും വാഹനയാത്രികനെ അപകടത്തിലേക്ക് നയിച്ചതായും പരാതി. കഴിഞ്ഞ ദിവസം രാത്രി വീട്ടുമുറ്റത്തിരുന്ന യുവാവിനെ പോലീസ് അകാരണമായി മർദ്ദിച്ചതായും പരാതി ഉയർന്നു. ഈരാറ്റുപേട്ട കടുവാമുഴി ചായിപറമ്പിൽ ഫൈസലിനാണ് മർദ്ദനമേറ്റത്.
വീടിനോട് ചേർന്നുള്ള സുഹൃത്തിന്റെ വീടിന്റെ തിണ്ണയിൽ നിൽക്കുമ്പോഴായിരുന്നു എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം മർദിച്ചത്. രാത്രി എട്ടോടെ കടുവാമുഴി ഭാഗത്ത് യുവാക്കൾ സംഘം ചേർന്ന് സംഘർഷമുണ്ടാക്കിയിരുന്നു. ബഹളം കേട്ട് വീടുകളിലിരുന്ന ആളുകൾ പലരും റോഡിലിറങ്ങിയതോടെ പ്രശ്‌നമുണ്ടാക്കിയവർ സ്ഥലം വിട്ടു. സംഘർഷ സമയത്ത് പോലീസിന് സ്ഥലത്തെത്താനായില്ല. തുടർന്ന് ഒമ്പതു മണിയോടെ എസ്.ഐയുടെ നേതൃത്വത്തിൽ മൂന്നു വാഹനങ്ങളിലായി പോലീസ് സംഘം സ്ഥലത്ത് എത്തി. സംഘർഷം നടന്ന സ്ഥലത്തോ സമീപ പ്രദേശങ്ങളിലോ അധികം പേർ പോലീസ് എത്തിയപ്പോൾ ഉണ്ടായിരുന്നില്ല. പോലീസ് റോഡരികിലുള്ള സുഹൃത്തിന്റെ വീട്ടിൽനിന്ന ഫൈസലിനേയും സുഹൃത്തിനേയും മർദ്ദിക്കുകയായിരുന്നു. ഇതാണ് വീടെന്നും വലിയ ബഹളം കേട്ടപ്പോൾ എന്താണ് പ്രശ്‌നം എന്നറിയാൻ ഇറങ്ങിവന്നതാണെന്നും റോഡിലേക്ക് ഇറങ്ങിയിട്ടില്ലെന്നും താൻ പറഞ്ഞിട്ടും പോലീസ് കേട്ടില്ലെന്ന് ഫൈസൽ പറയുന്നു.
റോഡിലേക്ക് ഇറങ്ങുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്തിട്ടില്ല എന്നിരിക്കെയാണ് പോലീസിന്റെ ക്രൂരതയെന്ന് നാട്ടുകാർ ആരോപിച്ചു. ഫൈസലിന്റെ പുറത്തും കൈകളിലും തുടകളിലും പരിക്കുണ്ട്. അടിയേറ്റ ഫൈസലിന്റെ പുറവും കൈയും വിണ്ടുകീറി. തുടർന്ന് വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോവുകയും ചെയ്തു. ഫൈസലിന്റെ മറ്റൊരു സുഹൃത്തിനെയും പോലീസ് മർദിച്ചു. മർദ്ദിച്ച ശേഷം ഇരുവരേയും അര മണിക്കൂറോളം സ്റ്റേഷനിൽ ഇരുത്തി. തുടർന്ന് വാർഡ് കൗൺസിലർ അടക്കമുള്ളവരെത്തിയാണ് ഫൈസലിനേയും സുഹൃത്തിനേയും സ്റ്റേഷനിൽ നിന്ന് ഇറക്കിയത്. കഴിഞ്ഞ ദിവസം ഇരുചക്ര വാഹനയാത്രികനെ ഈരാറ്റുപേട്ട സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം വീഴ്ത്തിയതായും പരാതി ഉയർന്നിരുന്നു. ഈരാറ്റുപേട്ട സ്വദേശി റയീസ്ആണ് അപകടത്തിൽ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടത്. ലോക് ഡൗൺ നിയന്ത്രണം ലംഘിച്ച് ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത റയീസിനെ പിടിക്കുവാൻ എതിരേ വന്ന പോലീസ് ജീപ്പ് അതിവേഗം വെട്ടിച്ച് റോഡിനു കുറുകേയിട്ടു. പോലീസ് ജീപ്പിനിട്ടിടിക്കാതിരിക്കുവാൻ വെട്ടിച്ചതോടെ റയീസിന്റെ വാഹനത്തിന്റെ നിയന്ത്രണവും നഷ്ടപ്പെട്ടു. തുടർന്ന് യുവാവിനുനേരെ പോലീസ് ലാത്തിയും വീശി. ഈ ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റയീസിന്റെ ഇരു കൈമുട്ടുകൾക്കും പരിക്കുണ്ട്. നടുവിനും വയറിനും വേദനയുമുണ്ട്. ആശുപത്രി ചികിത്സയിലാണ്. റയീസിനെ സ്റ്റേഷനിൽ കൊണ്ടുപോയ ശേഷമാണ് വിട്ടയച്ചത്.
അതിനിടെ, ഫൈസലിനെ ഓടിക്കുകമാത്രമാണ് ചെയ്തതെന്ന വിശദീകരണവുമായി പോലീസും രംഗത്തുവന്നു. സമീപത്തെ വീട്ടുമുറ്റത്ത് കിടന്ന ഓട്ടോറിക്ഷയിൽ ഒളിച്ചിരിക്കുന്ന നിലയിലാണ് ഫൈസലിനെയും സുഹൃത്തിനെയും കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. സ്വന്തം വീടാണെന്നാണ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞത്. എന്നാൽ വീട്ടുകാരെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് അയൽപക്കത്തുള്ളവരാണെന്ന് അറിഞ്ഞത്. ഇതോടെ ഇവിടെനിന്നും ഇവരെ ഓടിക്കുകയാണ് ചെയ്തതെന്നുമാണ് പോലീസ് പറയുന്നത്. പരിക്കേറ്റ് ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ കഴിയുന്ന ചായിപറമ്പിൽ ഫൈസലിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, നഗരസഭാ ചെയർമാൻ വി.എം സിറാജ്, നിസാർ ഖുർബാനി തുടങ്ങിയവർ സന്ദർശിച്ചു. പോലീസ് മർദനത്തെ ഇവർ അപലപിച്ചു.