Sorry, you need to enable JavaScript to visit this website.

ഇതരസംസ്ഥാനക്കാർ കേരളം വിട്ടാൽ ഗുരുതര പ്രതിസന്ധി

കൊച്ചി- ഇതര സംസ്ഥാന തൊഴിലാളികൾ ലോക്ഡൗൺ കാലയളവ് കഴിഞ്ഞാലുടൻ കേരളം വിട്ടാൽ തൊഴിൽ മേഖലയിലുണ്ടാകാനിടയുള്ള സ്തംഭനാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് വ്യാപാര വാണിജ്യ സമൂഹം. ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കും പരമ്പരാഗത വ്യവസായ സ്ഥാപനങ്ങൾക്കും നിയന്ത്രിതമായ രീതിയിലെങ്കിലും പ്രവർത്തനാനുമതി നൽകി ഇതര സംസ്ഥാനക്കാരെ കേരളത്തിൽ പിടിച്ചുനിർത്താനാകും. 
എം.എസ്.എം.ഇകൾക്കും സീഫുഡ്, കയർ, കശുവണ്ടി, തടിവ്യവസായം, അരിമില്ലുകൾ, സുഗന്ധവ്യഞ്ജനം, ഭക്ഷ്യസംസ്‌കരണം, നിർമാണ മേഖല തുടങ്ങിയ മേഖലകൾക്കും പ്രവർത്തനാനുമതി നൽകണം. അല്ലാത്തപക്ഷം കേരളത്തിലെ വ്യവസായ വാണിജ്യ മേഖലകൾ കടുത്ത പ്രതിസന്ധിയിൽ തന്നെ തുടരേണ്ടിവരുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് വെബ് പ്ലാറ്റ്ഫോം ഉപയോഗിച്ച് സംഘടിപ്പിച്ച സെമിനാർ ചൂണ്ടിക്കാട്ടി. ഇക്കാര്യം മുഖ്യമന്ത്രിക്ക് കീഴിലുള്ള ക്രൈസിസ് മാനേജ്മെന്റ് ടീമുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ ഐ എ എസും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോൻ ഐ.എ.എസ് ഉറപ്പു നൽകി.


ഇതരസംസ്ഥാന തൊഴിലാളികൾ ലോക്കൗട്ട് പിൻവലിച്ച് ട്രെയിൻ സർവീസ് ആരംഭിച്ചാലുടൻ കേരളം വിട്ടു പോകുമെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. ഇതോടെ നിർമാണ മേഖലയും ചെറുകിട ഇടത്തരം വ്യവസായ മേഖലകളുമടക്കം പ്രവർത്തനം പുനരാരംഭിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. 10 മുതൽ 12 ലക്ഷം വരെ ഇതര സംസ്ഥാനക്കാർ കേരളത്തിൽ തൊഴിലെടുക്കുന്നുണ്ടെന്ന് ഡോ. ഇളങ്കോവൻ പറഞ്ഞു. 


ഇത്രയും പേരുടെ സേവനം ഇല്ലാതാകുന്നതോടെ തൊഴിൽമേഖലയിൽ ഗുരുതരമായ സ്തംഭനാവസ്ഥയുണ്ടാകും. ഇത് ഒഴിവാക്കുന്നതിനായി സർക്കാർ ഇടപെട്ട് നിലവിൽ കേരളത്തിൽ കഴിയുന്ന ഇതരസംസ്ഥാനക്കാരെ തൽക്കാലം ഇവിടം വിടാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കണമെന്ന് സെമിനാർ നിർദേശിച്ചു.
തീപ്പെട്ടി നിർമാണത്തിന് ഉപയോഗിക്കുന്ന മരങ്ങൾ ഉണങ്ങി ഉപയോഗശൂന്യമാകുമെന്നതിനാൽ തീപ്പെട്ടി യൂണിറ്റുകൾക്കും ആയിരക്കണക്കിന് ചാക്ക് സിമന്റ് നശിക്കുന്നത് ഒഴിവാക്കുന്നതിന് നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രിതമായ രീതിയിൽ പ്രവർത്തനാനുമതി വേണം. വിവിധ മേഖലകൾക്ക് പാക്കേജുകൾ പ്രഖ്യാപിച്ച സർക്കാർ കേരളത്തിലെ വ്യവസായ മേഖലക്കായി എത്രയും വേഗം ഒരു സമഗ്ര പാക്കേജ് തയ്യാറാക്കണം. 


വായ്പാ തിരിച്ചടവിനുള്ള മോറട്ടോറിയം ഇപ്പോഴത്തെ മൂന്നു മാസത്തിൽനിന്ന് 12 മാസമെങ്കിലുമായി നീട്ടണം. വായ്പയുടെ പലിശയിൽ ഇളവ് നൽകുകയോ കുറഞ്ഞ പലിശക്ക് വായ്പ ലഭ്യമാക്കുകയോ ചെയ്യണം. ലോക്ഡൗൺ കഴിഞ്ഞ് സ്ഥാപനങ്ങൾ തുറക്കുമ്പോൾ 30 ശതമാനമെങ്കിലും വർക്കിംഗ് ക്യാപിറ്റൽ ലഭ്യമാക്കാനുള്ള വഴി കണ്ടെത്തണം. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വിപണിയിൽ നിന്ന് കോടിക്കണക്കിന് രൂപ പല സ്ഥാപനങ്ങൾക്കും കിട്ടാനുണ്ട്. ലോക് ഡൗൺ തീരുമ്പോൾ അസംസ്‌കൃത വസ്തുക്കൾ കിട്ടാനും ബുദ്ധിമുട്ടുണ്ടാകും.


പല സ്ഥാപനങ്ങളും തൊഴിലാളികൾക്ക് ലോക് ഡൗൺ കാലയളവിൽ നൽകേണ്ട കൂലി സംബന്ധിച്ച് ധാരണയായി വരുന്ന സമയത്താണ് ലോക്ഡൗൺ സമയത്തെ മുഴുവൻ വേതനവും നൽകണമെന്ന സർക്കാർ ഉത്തരവ് വന്നിരിക്കുന്നത്. പൂട്ടിക്കിടക്കുന്ന പല സ്ഥാപനങ്ങൾക്കും ലോക് ഡൗൺ സമയത്തെ മുഴുവൻ വേതനവും കൊടുക്കുക പ്രായോഗികമല്ലെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാനുള്ള അവകാശം കമ്പനികൾക്ക് വിടാൻ സർക്കാർ തയ്യാറാകണം. സർക്കാർ ഈടാക്കുന്ന സെസ്സ് തുകയിൽ നിന്ന് ഒരു വിഹിതം തൊഴിലാളികൾക്ക് ലഭ്യമാക്കാൻ സാധിക്കണം. ഇ എസ് ഐയുടെ സാമ്പത്തിക പിന്തുണയും തൊഴിലാളികൾക്ക് ലഭ്യമാക്കാനാകും. 91000 കോടി രൂപയുടെ നീക്കിയിരുപ്പ് ഇ എസ് ഐയിലുണ്ട്. ഇത് തൊഴിലാളികളെ സഹായിക്കുന്നതിനായി ഉപയോഗിക്കാൻ കഴിയുമെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. കോവിഡുമായി ബന്ധപ്പെട്ട് വ്യവസായ വാണിജ്യ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഫിക്കി സമഗ്രമായ ശുപാർശ നൽകിയതായി സംസ്ഥാന കോ ചെയർമാൻ ദീപക് എൽ. അശ്വാനി അറിയിച്ചു. 

 

Latest News