മലപ്പുറം- കോവിഡ് മഹാവ്യാധി പടർന്നു പിടിച്ച രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അവരുടെ ദുരിതമകറ്റാൻ ഇന്ത്യൻ എംബസികൾ സജീവമായി ഇടപെടണമന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി കേന്ദ്ര വിദേശ കാര്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രവാസി ഇന്ത്യക്കാർക്ക് ഭക്ഷണവും പാർപ്പിടവും അടക്കമുള്ള അടിയന്തര സഹായമുറപ്പാക്കാനായി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ആവശ്യങ്ങളുന്നയിച്ച് മുസ്്‌ലിംലീഗ് എം.പിമാർ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. തുടർന്ന് കുഞ്ഞാലിക്കുട്ടി വിദേശകാര്യമന്ത്രിയുമായി ഫോണിൽ പ്രശ്്‌നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. ഗൾഫ് രാജ്യങ്ങളിൽ അവിദഗ്ധ തൊഴിലാളികളായി ജോലിയെടുക്കുന്നവരിൽ ഏറെയും മലയാളികളാണ്. അവരുടെ ദൈന്യദിന ആവശ്യങ്ങൾപോലും നടക്കാതെ ഏറെ ബുദ്ധിമുട്ടുകയാണ്. യു.എ.ഇ, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ വൻപ്രതിസന്ധിയാണ് നേരിടുന്നത്. കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടനാ പ്രവർത്തകർ പ്രവാസി ഇന്ത്യക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ വിവിരിച്ച് തന്നെ ബന്ധപ്പെടുന്നുണ്ട്. കോവിഡ് വ്യാപനം വർധിക്കുന്നതിനാൽ ആശുപത്രികൾ നിറഞ്ഞുകവിയുന്ന സാഹചര്യമുണ്ട്. ഇന്ത്യൻ തൊഴിലാളികൾക്ക് മതിയായ വൈദ്യസഹായം ഉറപ്പാക്കാൻ ഐ.സി.ഡബ്ല്യൂ.എഫ് ഫണ്ട് ഉപയോഗിക്കാൻ തയ്യാറാവണം. ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സന്നദ്ധ സംഘടനകളുമായി ചേർന്ന് പ്രവാസികൾക്ക് സഹായമുറപ്പാക്കാൻ എംബസികൾ തയ്യാറാവണമന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രിയെ കൂടാതെ റിയാദ് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്, അബൂദാബി ഇന്ത്യൻ അംബാസഡർ പവൻ കുമാർ, ദുബായ് ഇന്ത്യൻ സ്ഥാനപതി പിപുൽ എന്നിവർക്കും കുഞ്ഞാലികുട്ടി എം.പി ഈ ആവശ്യങ്ങൾ ഉന്നയിച്ച് കത്തയച്ചിട്ടുണ്ട്.