തിരുവനന്തപുരം- കോവിഡ് മൂലം തടസ്സപ്പെട്ട സംസ്ഥാനത്തെ പരീക്ഷയും മൂല്യനിര്‍ണയവും അടക്കമുള്ളവ ഓണ്‍ലൈനാക്കാന്‍ നോക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് കാര്യങ്ങള്‍ പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സീസണ്‍ നഷ്ടപ്പെട്ട് പ്രയാസത്തിലായ വിവിധ വിഭാഗങ്ങളിലെ കലാകാരന്‍മാര്‍ക്ക് സഹായമെത്തിക്കും. ഈ വിഭാഗത്തില്‍ പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ അപേക്ഷിച്ചിട്ടുള്ള കലാകാരന്‍മാര്‍ക്ക് മാസത്തില്‍ ആയിരം രൂപ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഈ ക്ഷേമനിധിയില്‍നിന്ന് മാസത്തില്‍ 3000 രൂപ പെന്‍ഷന്‍ വാങ്ങുന്ന 3012 പേരുണ്ട്. അവര്‍ക്ക് പുറമെയാണിത്. വരുന്ന രണ്ട് മാസത്തേക്കായിരിക്കും സഹായം നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ അപേക്ഷിച്ചിട്ടുള്ള പതിനായിരം കലാകാരന്‍മാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
പുറമെ പ്രയാസം അനുഭവിക്കുന്ന ഇരുപതിനായിരത്തോളം വരുന്ന മറ്റ് കലാകാരന്‍മാര്‍ക്കും മാസത്തില്‍ ആയിരം രൂപ നല്‍കും. ഇതും വരുന്ന രണ്ട് മാസത്തേക്കായിരിക്കും. വിവിധ സംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് വേണ്ടി നീക്കി വെച്ച തുകയുടെ ഇരുപത്തിയഞ്ച് ശതമാനം ഇതിനായി ചെലവഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.