രണ്ട് പ്രവാസികള്‍ക്ക് കോവിഡ് ഭേദമായി; കലക്ടറുടെ പൂച്ചെണ്ടുകള്‍, വീടുകളില്‍ ആഹ്ലാദം

കോവിഡ് രോഗമുക്തരായ അബ്ദുറസാഖിനും ആലിക്കുട്ടിക്കും മാനന്തവാടി ജില്ലാ ആശുപത്രി വളപ്പില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കുന്നു.

മാനന്തവാടി-വയനാട്ടില്‍ രണ്ടു പേര്‍ക്കു കോവിഡ് രോഗമുക്തി. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നതില്‍ തൊണ്ടര്‍നാട് കുഞ്ഞാം സ്വദേശി ആലിക്കുട്ടി(50), കമ്പളക്കാട് സ്വദേശി അബ്ദുല്‍റസാഖ്(56)എന്നിവര്‍ക്കാണ് കൊറോണ രോഗം ഭേദമായത്. ഇരുവരും ഉച്ചയോടെ ആശുപത്രി വിട്ടു. ജില്ലാ ഭരണകൂടം പൂച്ചെണ്ടുകള്‍   നല്‍കിയാണ് രണ്ടു പേരെയും ആശുപത്രിയില്‍നിന്നു യാത്രയാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമയും ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ലയും കണിക്കൊന്നയുടെ പൂക്കള്‍കൊണ്ടു തയാറാക്കിയ ചെണ്ടുകള്‍  കൈമാറി. ആംബുലന്‍സിലായിരുന്നു വീട്ടിലേക്കു ആലിക്കുട്ടിയുടെയും അബ്ദുല്‍റസാഖിന്റെയും യാത്ര. ഇനി ഒരാളാണ് ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗത്തിനു ചികിത്സയിലുള്ളത്.
പ്രവാസികളാണ് ആലിക്കുട്ടിയും അബ്ദുല്‍റസാഖും. വിദേശത്തുനിന്നു എത്തിയശേഷം പരിശോധനയിലാണ് ഇരുവരിലും കൊറോണ രോഗം സ്ഥിരീകരിച്ചത്. ദിവസങ്ങളോളം ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇരുവരും രോഗമുക്തി നേടുകയായിരുന്നു. ഏറ്റവും ഒടുവില്‍  രണ്ടു പേരില്‍നിന്നും ശേഖരിച്ച സ്രവസാംപിളിന്റെ പരിശോധനാഫലം നെഗറ്റീവാണ്. ആലിക്കുട്ടിയും അബ്ദുല്‍ റസാഖും രോഗമുക്തരായതു രണ്ടു പേരുടെയും കുടുംബങ്ങളിലും ആഹ്‌ളാദം പടര്‍ന്നു. കുടുംബാംഗങ്ങളെ  വീട്ടില്‍നിന്നു മാറ്റിയശേഷമാണ് ആലിക്കുട്ടി വിദേശത്തുനിന്നു നാട്ടിലെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെയായിരുന്നു രോഗസ്ഥിരീകരണം. അബ്ദുല്‍റസാഖും ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കിയാണ് വീട്ടില്‍ കഴിഞ്ഞത്. നിരീക്ഷണത്തിലിരിക്കെയാണ് ഇദ്ദേഹത്തിലും രോഗബാധ കണ്ടെത്തിയത്. മൂപ്പൈനാട് സ്വദേശിയായ പ്രവാസിയാണ് കോവിഡ് രോഗത്തിനു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
മാനന്തവാടി എം.എല്‍.എ ഒ.ആര്‍.കേളു, മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍.പ്രിവീജ്,  ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ്  കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ദിനേശ് കുമാര്‍, കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ.ചന്ദ്രശേഖരന്‍, ഡോ.സുരേഷ് തുടങ്ങിയവരും  യാത്രയയപ്പു ചടങ്ങില്‍ പങ്കെടുത്തു.
 

 

Latest News