മലപ്പുറം- കോവിഡ് 19 വ്യാപനം തടയാനായി നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ മലബാർ മേഖല പാചകവാതക ക്ഷാമത്തിലേക്ക്. ചേളാരി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) പ്ലാന്റിലെ സിലിണ്ടർ റീഫിലിംഗ് വിഭാഗത്തിൽ തൊഴിലാളികൾ കുറഞ്ഞതുൾപ്പെടെയുള്ള കാരണങ്ങളാണ് പാചക വാതക സിലിണ്ടർ വിതരണത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നത്. കോവിഡ് ആശങ്കയുണ്ടാകുന്നതിനു മുമ്പ് വളരെ വേഗത്തിൽ പാചക വാതക സിലിണ്ടറുകൾ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ കാലതാമസം നേരിടുന്ന സ്ഥിതിയാണ്. മംഗളുരുവിൽ നിന്നു കണ്ടെയ്‌നറുകളിൽ പാചക വാതകം ചേളാരി ഐഒസി പ്ലാന്റിലെത്തിച്ച് സംഭരിച്ച് സിലിണ്ടറുകളിൽ നിറച്ചാണ് വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലെ പതിനായിരക്കണക്കിനു കുടുംബങ്ങൾക്ക് ലഭ്യമാക്കുന്നത്. എന്നാൽ കോവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം പാചകവാതക സിലിണ്ടർ വിതരണത്തിലും കാലതാമസമുണ്ടായിട്ടുണ്ട്.
അവശ്യ സേവനമായതിനാൽ പാചക വാതക വിതരണത്തിനു തടസമുണ്ടാകില്ലെന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കിയിരുന്നെങ്കിലും നിയന്ത്രണം പതിയെ ഈ മേഖലയിലും പ്രകടമാകുകയാണ്. ചേളാരി ഐ.ഒ.സി പ്ലാന്റിലേക്കു പാചക വാതകം എത്തിക്കുന്ന കണ്ടെയ്‌നർ ലോറികളിൽ ഭൂരിഭാഗവും തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലുള്ള ഡ്രൈവർമാരാണ്. ഇവർ ചേളാരി ഐഒസി പ്ലാന്റുമായി നിരന്തര സമ്പർക്കം പുലർത്തുന്നതിനാൽ ഇവിടെ വേണ്ടത്ര സുരക്ഷയില്ലെന്നു നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ പോലും മാസ്‌ക്കും സാനിറ്റൈസറും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ പ്ലാന്റിൽ ലഭ്യമാക്കിയിരുന്നില്ലെന്നാണ് ആക്ഷേപമുയർന്നത്. ഇതു സംബന്ധിച്ച് തേഞ്ഞിപ്പലം പഞ്ചായത്ത് സെക്രട്ടറി മലപ്പുറം കലക്ടർ ജാഫർ മലിക്കിനു പരാതിയും നൽകിയിരുന്നു. ഇതിനിടയിലാണ് സ്വയം രക്ഷ കണക്കിലെടുത്ത് പ്ലാന്റിലെ തൊഴിലാളികളിൽ പലരും അവധിയിൽ പോയത്. എന്നാലിപ്പോൾ പ്ലാന്റിലേക്ക് വരുന്ന ലോറികളും സിലിണ്ടറുകളും അണുവിമുക്തമാക്കിയാണ് കടത്തിവിടുന്നത്.