കണ്ണൂർ - കൊല്ലം സബ് കലക്ടർക്കു പിന്നാലെ കണ്ണൂർ ഡി.എഫ്.ഒയും ലോക് ഡൗൺ നിർദ്ദേശങ്ങൾ മറികടന്ന് അനുമതിയില്ലാതെ സംസ്ഥാനം വിട്ടു. സംഭവത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അന്വേഷണം നടത്തി വനം മന്ത്രിക്ക് റിപ്പോർട്ടു നൽകി. കണ്ണൂർ ജില്ലാ ഫോറസ്റ്റ് ഓഫീസർ കെ. ശ്രീനിവാസാണ് സംസ്ഥാനം വിട്ടത്. അദ്ദേഹം മേലധികാരികളുടെയോ സർക്കാരിന്റെയോ അനുമതി ഇല്ലാതെയാണ് ഈ മാസം നാലിന് കുടുംബാംഗങ്ങളുമൊത്ത് കാറിൽ സ്വന്തം നാടായ തെലങ്കാനയിലേക്ക് പോയത്.
ശ്രീനിവാസൻ നേരത്തെ അവധിക്ക് അപേക്ഷ നൽകിയിരുന്നുവെങ്കിലും ലീവ് അനുവദിച്ചിരുന്നില്ല. തുടർന്നാണ് സ്വന്തം തീരുമാനപ്രകാരം വീട്ടിലേക്ക് പോയത്. ഡി.എഫ്.ഒ ഏതാനും ദിവസങ്ങളായി ഓഫീസിൽ എത്തിയിരുന്നില്ല. അദ്ദേഹം വീട്ടിൽ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കണ്ണൂരിലെ താമസസ്ഥലത്തും ഇല്ലെന്ന് കണ്ടതോടെയാണ് സംഭവം വിവാദമായത്. കണ്ണൂർ രജിട്രേഷനിലുള്ള കാറിൽ വയനാട് വഴി ബംഗളുരുവിലും പിന്നീട് തെലങ്കാനയിലേക്കും പോവുകയായിരുന്നു. തുടർന്ന് ഇക്കാര്യം വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. വിവരമറിഞ്ഞ ഉടൻ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനം വകുപ്പ് മേധാവിക്ക് മന്ത്രി കെ.രാജു നിർദ്ദേശം നൽകുകയായിരുന്നു. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചു. ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂചന. കണ്ണൂരിൽ വനംവകുപ്പിന് കീഴിലുള്ള ആറളം ആദിവാസി കോളനിയിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് കൊറോണ കാലത്ത് ഭക്ഷണമുൾപ്പെടെ എത്തിക്കാനുള്ള ചുമതല അടക്കം നിറവേറ്റാനിരിക്കെയാണ് ഡി.എഫ്.ഒ അനുമതിയില്ലാതെ സ്ഥലം വിട്ടത്.
കൊല്ലം ജില്ലാ സബ് കലക്ടർക്ക് മേലധികാരിയുടെ അനുമതിയില്ലാതെ സ്വന്തം നാട്ടിലേക്ക് പോയ സംഭവത്തിൽ സസ്‌പെൻഷനും ലോക് ഡൗൺ ലംഘിച്ചതിന് കേസുമായിരുന്നു നടപടി.