Sorry, you need to enable JavaScript to visit this website.

കെ.എം. മാണി ഓര്‍മയായിട്ട് ഒരു വര്‍ഷം, സന്നദ്ധസേവനത്തിലൂടെ ഓര്‍മ പുതുക്കും

കോട്ടയം- കെ.എം മാണി ഓര്‍മകളിലേക്ക് മറഞ്ഞിട്ട്്് നാളെ ഒരു വര്‍ഷം. കേരള രാഷ്ട്രീയത്തിലെ മായ്ക്കാനാവാത്ത വ്യക്തിചിത്രവും ജനഹിതത്തിന്റെ റെക്കോര്‍ഡുകളും സമ്പന്നമാക്കിയ കെ.എം മാണി. പാലായാണ് എന്റെ ലോകമെന്നും പാലാ രണ്ടാം ഭാര്യയെന്നും പറഞ്ഞ മാണി നാടിന്റെ സ്പന്ദനങ്ങളറിഞ്ഞ നേതാവായിരുന്നു.

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ കെ.എം മാണിയുടെ സ്മൃതി ആഘോഷ പരിപാടികള്‍ ഒന്നുമില്ല. രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കുന്ന പ്രാര്‍ഥനയില്‍ മകന്‍ ജോസ് കെ. മാണി എം.പിയും കുടുംബാംഗങ്ങളും സംബന്ധിക്കും. കേരളത്തിലുടനീളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ അറിയിച്ചു. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ കോട്ടയത്ത് ലക്ഷം പേര്‍ പങ്കെടുത്ത് നടത്താനിരുന്ന കെ.എം മാണി സ്മൃതി സംഗമവും, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്താനിരുന്ന മറ്റ് അനുസ്മരണ ചടങ്ങുകളും മാറ്റി.

ലോക്ഡൗണിനെത്തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ഏതെങ്കിലുമൊരു കുടുംബത്തിന് ഭക്ഷണമോ മരുന്നോ നല്‍കണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം. ഇതോടൊപ്പം പഞ്ചായത്ത് തലത്തിലെ കമ്മ്യൂണിറ്റി കിച്ചനുകളുമായി സഹകരിക്കും. ജീവകാരുണ്യ രംഗത്ത്് ഏറെ ശ്രദ്ധപതിപ്പിച്ച കെ.എം മാണിയുടെ ആദ്യ ചരമവാര്‍ഷിക ദിനത്തില്‍ അത്തരം പ്രവര്‍ത്തനങ്ങളിലായിരിക്കും പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക.

 

Latest News