കുവൈത്തില്‍ വിദേശികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ പൂര്‍ണ കര്‍ഫ്യൂ വന്നേക്കും

കുവൈത്ത് സിറ്റി- ഇന്ത്യാക്കാരടക്കമുള്ള വിദേശികള്‍ക്കിടയില്‍ വന്‍തോതില്‍ കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിദേശികള്‍ തിങ്ങി വസിക്കുന്ന പ്രദേശങ്ങളില്‍ പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കും.
പ്രത്യേക മന്ത്രിസഭാ യോഗം അടിയന്തിര പരിഹാരം കാണേണ്ട നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ക്യാബിനറ്റ് യോഗത്തില്‍ കര്‍ഫ്യൂ സമയം നീട്ടുന്നതിനെക്കുറിച്ചും വിദേശികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ നിരോധാജ്ഞ നടപ്പാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
 ഫര്‍വാനിയ, ജലീബ്, മഹബുള്ള പ്രദേശങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം തടയുന്നതിന് ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കും. പ്രത്യേക സേനയുടെ നേതൃത്വത്തില്‍ ചെക്ക് പോയിന്റുകളില്‍ കര്‍ശന നിരീക്ഷണമുണ്ടാകും.
അത്യാവശ്യത്തിനു മാത്രമായി സഞ്ചാരം പരിമിതപ്പെടുത്തുമെന്നാണ് സൂചന. അത്യാവശ്യ കാര്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതിയോടെ മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുണ്ടാകൂ.

 

Latest News