കൊണ്ടോട്ടി - തലക്കു മീതെ പറക്കുന്ന വിമാനങ്ങളെ ഭയക്കാത്തവർ ഇന്നലെ ചെറിയ യന്ത്രവിമാനത്തെ കണ്ട് ചിതറിയോടി. കോവിഡ് 19 ലോക് ഡൗണിന്റെ ഭാഗമായി കൊണ്ടോട്ടി, പുളിക്കൽ, കിഴിശ്ശേരി ഭാഗങ്ങളിലാണ് ഇന്നലെ പോലീസിന്റെ ഡ്രോൺ പരിശോധന നടന്നത്. പുളിക്കൽ കരിങ്കല്ല് ക്വാറി പരിസരങ്ങളിലടക്കം ആളുകൾ കൂട്ടം കൂടിനിൽക്കുന്നതായി ഡ്രോൺ ക്യാമറയിൽ പതിഞ്ഞു. മൂളിപ്പറന്നുവരുന്ന ഡ്രോൺ കണ്ട് ആളുകൾ ചിതറിയോടുന്ന കാഴ്ചയാണ് ക്യാമറയിൽ പതിഞ്ഞത്.
മലപ്പുറം എസ്.പിയുടെ നിർദേശത്തിൽ കൊണ്ടോട്ടി നീറാട് സ്വദേശിയുടെ കൈവശമുള്ള ഡ്രോൺ ഉപയോഗിച്ചാണ് പോലീസ് ഇന്നലെ നിരീക്ഷണം നടത്തിയത്.
ഡ്രോൺ ക്യാമറ പരിശോധിച്ച് കൃത്യമായ സ്ഥലത്തെത്തി ആളുകളെ കണ്ടെത്തി ഇവർക്കെതിരെ കേസെടുക്കുമെന്ന് കൊണ്ടോട്ടി എസ്.ഐ വിനോദ് വലിയാറ്റൂർ പറഞ്ഞു. കൂട്ടം കൂടിനിൽക്കുന്നവർക്കെതിരെയാണ് കേസെടുക്കുക.
കൊണ്ടോട്ടി മേഖലയിൽ വരും ദിവസങ്ങളിൽ ഡ്രോൺ പരിശോധന നടത്തും. കരിപ്പൂർ വിമാനത്താവളത്തിൽ വിമാന സർവ്വീസുകളില്ലാത്തതിനാൽ ഡ്രോൺ പ്രവർത്തനം എളുപ്പമാക്കി. സാധാരണക്കാർക്ക് കരിപ്പൂർ മേഖലയിൽ ഡ്രോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്.