മലപ്പുറം- ലോക്ഡൗൺ കാലത്ത് പഠന വൈകല്യമുള്ള കുട്ടികളുടെ തുടർ പരിശീലനം ഉറപ്പുവരുത്താനായി വീടുകളിൽ നിന്ന് ഉപയോഗിക്കാവുന്ന രീതിയിൽ മൊബൈൽ ആപ്ലിക്കേഷൻ തയാറായി. സംസ്ഥാനത്തെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി ഒരു മാസത്തേക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്ലിക്കേഷൻ തയാറാക്കിയിട്ടുള്ളത്.
സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ കോഴിക്കോട് സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗം നടപ്പിലാക്കുന്ന സി.ഡി.എം.ആർ.പിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
കുട്ടികൾക്ക് ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലുള്ള പരിശീലന പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്.
ഓരോ ആക്ടിവിറ്റിയിലും കുട്ടികളുടെ പുരോഗതി, ആവശ്യമായ നിർദേശങ്ങൾ എന്നിവ അതത് സമയത്ത് ലഭ്യമാകും. സി.ഡി.എം ആർ.പി.യിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബീന മനോജും ഐ.ടി വിദഗ്ധനായ മനോജ് കുമാർ സുദർശനവും ചേർന്ന് ബിഗ് വാക്ടർ എഡ്യൂക്കേഷന്റെ സഹായത്തോടെയാണ് ആപ്ലിക്കേഷൻ തയാറാക്കിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാം.
തുടക്കത്തിൽ സി.ഡി എം.ആർ.പിയിൽ തെറാപ്പി ലഭിക്കുന്ന കുട്ടികൾക്ക് മാത്രമായിരുന്നു സൗജന്യമായി ഈ ആപ്ലിക്കേഷൻ നൽകിയിരുന്നത്. എന്നാൽ ഗുണഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് സംസ്ഥാനത്തെ മുഴുവൻ കുട്ടികൾക്കും ഒരു മാസത്തേക്ക് സൗജന്യമായി ആപ്ലിക്കേഷൻ നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ കൃഷ്ണമൂർത്തി അറിയിച്ചു. കൂടാതെ ഭിന്നശേഷിക്കാരുടെ പരിശീലനങ്ങൾ കൂടുതൽ സുഗമമാക്കാനായി വിവിധ തെറാപ്പിസ്റ്റുകൾ തയാറാക്കിയ മുഴുവൻ പരിശീലന വീഡിയോകളും സി.ഡി.എം.ആർ.പി യൂട്യൂബ് ചാനലിലൂടെ ലഭിക്കും. കുട്ടികൾക്ക് ആവശ്യമായ പൊതുവായ പരിശീലന നിർദേശങ്ങളാണ് ഇതിലൂടെ ലഭിക്കുക. ലോക്ഡൗൺ കാലത്ത് ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്കുള്ള മാർഗരേഖയും യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയിട്ടുണ്ട്.
സി.ഡി.എം.ആർ.പിയുടെ ടെലി റിഹാബിലിറ്റേഷൻ പ്രോഗ്രാമിന്റെ് ഭാഗമായാണ് ഈ സൗകര്യം തയാറാക്കിയത്. ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനത്തിനായി കോഴിക്കോട് സർവകലാശാലയും കരള സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സി.ഡി. എം.ആർ.പി. നിലവിൽ മലപ്പുറം കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി 11 കമ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റുകൾ പ്രവർത്തിച്ചു വരുന്നു.