പൈശാചിക ചിന്തകളെ
തൂത്തെറിഞ്ഞ് ഹാജിമാർ
മിന- അറഫയിലെയും മുസ്ദലിഫയിലെയും പ്രാർഥനകൾ കൊണ്ട് നിർമലമാക്കിയ മനസ്സുമായി മിനായിൽ തിരിച്ചെത്തിയ ഹാജിമാർ പെരുന്നാൾ ദിനത്തിൽ കർമങ്ങളുടെ പൂർത്തീകരണത്തിന്റെ അന്തിമ ഘട്ടത്തിലേക്കു കടന്നു. സകല പൈശാചിക ചിന്തകളെയും തൂത്തെറിഞ്ഞ് സാത്താന്റെ പ്രതീകമായ ജംറയിൽ അവർ കല്ലെറിഞ്ഞു. കല്ലേറു കർമങ്ങളുടെ ആദ്യ ദിനമായ ഇന്നലെ ഏറ്റവും വലിയ ജംറയായ ജംറത്തുൽ അഖ്ബയിലാണ് കല്ലെറിഞ്ഞത്. ഹജിൽ ഏറ്റവുമധികം കർമങ്ങളുള്ള ദിനമായിരുന്നു ബലിപെരുന്നാൾ കൂടിയായ ഇന്നലെ.
അതേസമയം, വലിയ പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയ ഇരട്ടി സന്തോഷത്തിൽ ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. ഇരുഹറമുകളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരത്തിന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഈദ് ഗാഹുകളിൽ പങ്കെടുത്ത് ആശംസകൾ കൈമാറി. കേരളത്തിലും പെരുന്നാൾ ഒരേ ദിവസമായത് പ്രവാസി മലയാളികൾക്ക് അത്യാഹ്ലാദം പകർന്നു.
മുസ്ദലിഫയിലെ രാപ്പാർപ്പിനുശേഷം അവിടെനിന്നു ശേഖരിച്ച ഏഴു കല്ലുകളുമായാണ് ഇന്നലെ അതിരാവിലെ മുതൽ ഹാജിമാർ ജംറയിലെത്തിയത്. കല്ലേറിന് ശേഷം തല മുണ്ഡനം ചെയ്ത് ബലി അർപ്പിച്ച അവർ, തുടർന്ന് ഹറമിലെത്തി ത്വവാഫും സഇയും നിർവഹിച്ച് ഇഹ്‌റാമിൽനിന്നു വിടവാങ്ങി. ഇതോടെ ഹജിന്റെ സുപ്രധാന കർമങ്ങൾക്ക് പര്യവസാനമായി. ഇനി രണ്ടു ദിനം കൂടി മിനായിൽ ചെലവഴിച്ച് ഏഴു കല്ലുകൾ വീതം മൂന്നു ജംറകളിലും എറിഞ്ഞ് മിന വിടുന്നതോടെ ഹജ് കർമങ്ങൾക്ക് പരിപൂർണ സമാപ്തിയാവും.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്നലെ പുറത്തുവിട്ട കണക്കു പ്രകാരം ഈ വർഷം 23,52,122 തീർഥാടകരാണ് ഹജ് നിർവഹിച്ചത്. വിദേശ രാജ്യങ്ങളിൽനിന്ന് 17,52,014 പേരും സൗദി അറേബ്യയിൽനിന്ന് 6,00,108 പേരും.
കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും സുപ്രധാന കർമങ്ങളെല്ലാം സുഗമമായി നടത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് തീർഥാടകർ. അതീവ ജാഗ്രതയോടെ ഹാജിമാർക്ക് സുരക്ഷിതമായി കർമങ്ങൾ നടത്താൻ സാഹചര്യമൊരുക്കിയ സൗദി ഭരണാധികാരികളും കാര്യങ്ങൾ സുഗമമായി പോകുന്നതിന്റെ ആശ്വാസത്തിലാണ്.
മണിക്കൂറിൽ അഞ്ചു ലക്ഷം പേർക്ക് കല്ലെറിയാൻ ശേഷിയുള്ളതാണ് ജംറ പാലമെങ്കിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയാണ് തീർത്ഥാടകരെ ജംറയിലേക്ക് കടത്തിവിട്ടത്. കല്ലേറിനായി ഓരോ രാജ്യക്കാർക്കും പ്രത്യേകം സമയം അനുവദിച്ചിരുന്നതു പോലെ ഇത്തവണ ആഭ്യന്തര തീർഥാടകർക്കും പ്രത്യേക സമയം അനുവദിച്ചു. ഇത് ജംറയിലെ തിരക്ക് കുറക്കാൻ സഹായകരമായി. ഇന്നലെ രാവിലെ ആറ് മുതൽ പത്ത് വരെ ആഭ്യന്തര തീർഥാടകരെ ജംറയിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന സമയമാണിത്. നാളെ ഉച്ച കഴിഞ്ഞ് രണ്ട് മുതൽ ആറു വരെയും ഞായറാഴ്ച രാവിലെ 10.30 മുതൽ ഉച്ചക്ക് രണ്ടു വരെയും ആഭ്യന്തര തീർഥാടകർക്ക് കല്ലെറിയുന്നതിന് നിയന്ത്രണമുണ്ട്. കല്ലേറിന് പോകുന്ന തീർഥാടകർ കുട്ടികളെ കൂടെ കൂട്ടരുതെന്നും ലഗേജുകൾ കൈയിൽ കരുതരുതെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് അനധികൃത ഹാജിമാർ വൻതോതിൽ കുറഞ്ഞതും ജംറയിലെ തിരക്കു കുറയാൻ സഹായകരമായി.
തീർഥാടകരുടെ തല മുണ്ഡനം ചെയ്യുന്നതിന് മക്ക നഗരസഭ ജംറക്കു സമീപം ആറിടങ്ങളിലായി ആയിരത്തിലേറെ കസേരകൾ സജ്ജീകരിച്ചിരുന്നു. എങ്കിലും വഴിയോരങ്ങളിൽ അനധികൃതമായി തല മുണ്ഡനം ചെയ്യുന്നവർ ഇത്തവണയും ഉണ്ടായിരുന്നു.
ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കുമായി സഹകരിച്ചാണ് ബലിയർപ്പണത്തിനുള്ള സംവിധാനം ഒരുക്കിയിരുന്നത്. മുൻകൂട്ടി കൂപ്പൺ എടുക്കുന്നവരിൽ താൽപര്യമുള്ളവർക്ക് ബലി അർപ്പണത്തിൽ പങ്കാളികാവാനും അത്യാധുനിക അറവുശാലയിൽ സൗകര്യം ഒരുക്കിയിരുന്നു. ബലിമാംസം ശീതീകരിച്ച് വിവിധ മുസ്‌ലിം രാജ്യങ്ങളിലും സൗദിയുടെ വിവിധ പ്രദേശങ്ങളിലും എത്തിക്കുന്നതിനുള്ള വിപുല സംവിധാനവും ഒരുക്കിയിട്ടുണ്ട്.