Sorry, you need to enable JavaScript to visit this website.

വയോജനങ്ങളെ ആശ്വസിപ്പിക്കാന്‍ ഫോണ്‍ വിളി; ആദ്യഘട്ടത്തില്‍ 1,20,000 പേരെ വിളിക്കും

തിരുവനന്തപുരം- കോവിഡ്- 19 പകര്‍ച്ചവ്യാധി മൂലമുണ്ടായ  പ്രത്യേക സാഹചര്യത്തില്‍ വലിയ പ്രതിസന്ധി നേരിടുന്ന വയോജനങ്ങളെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഫോണില്‍ വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇപ്പോള്‍ പ്രതിസന്ധി നേരിടുന്ന ഒരു വിഭാഗം  ആളുകള്‍ പ്രായമേറിയവര്‍ ആയിരിക്കും. പ്രത്യേകിച്ചും അവരില്‍ ഒറ്റയ്ക്കു കഴിയേണ്ടി വരുന്നവര്‍. പ്രായാധിക്യവും രോഗങ്ങളും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്കു പുറമേ,  ലോക്ഡൗണും, രോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഉണ്ടാക്കുന്ന ആശങ്കകളും മനപ്രയാസവും അവരെ വല്ലാതെ അലട്ടുന്നുണ്ടാകാം.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തിയിരുന്നു.  ഭക്ഷണവും രോഗാവസ്ഥയും മാനസിക ബുദ്ധിമുട്ടുകളുമൊക്കെ അന്വേഷിച്ചു കൊണ്ടുള്ള വിളികള്‍ ഇനി വയോജനങ്ങളെ തേടിയെത്തും.  ആദ്യഘട്ടത്തില്‍ 1,20,000 പേരെ വിളിക്കും. ഇതിനായി 50 പേര്‍ക്ക് ഒരാള്‍ എന്ന നിലയില്‍ സന്നദ്ധ പ്രവര്‍ത്തകരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

മൂന്നു ദിവസത്തെ ഇടവേളയില്‍ മൂന്നു തവണ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. രോഗാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യ വകുപ്പിനും, ഭക്ഷണവും താമസവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തദ്ദേശഭരണ വകുപ്പിനും കൈമാറി അവശ്യമായ നടപടികള്‍ ഉറപ്പു വരുത്തും. മരുന്നുകള്‍ ആവശ്യമെങ്കില്‍ അവ എത്തിക്കാനും കുടുംബശ്രീ ഇടപെടും.

ഈ സാഹചര്യത്തില്‍ അവര്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കുന്നതിന് അതീവ പ്രാധാന്യം നല്‍കും. അവര്‍ക്കു പറയാനുള്ളത് ക്ഷമയോടെ കേള്‍ക്കുകയും, അവര്‍ക്ക് ആശ്വാസം നല്‍കുന്നതിനു ശ്രമിക്കുകയും ചെയ്യും. അവരുടെ അടിയന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികളും കൈക്കൊള്ളും.

 

Latest News