മിന- പ്രായമേറിയ മാതാവിനെ മുതുകിൽ ചുമന്ന് നടന്ന് ഹജ് കർമം നിർവഹിക്കുന്ന ഏഷ്യക്കാരി മാതാവിനോടുള്ള ഒരു മകളുടെ ഒടുങ്ങാത്ത സ്‌നേഹത്തിന്റെയും കരുതലിന്റെയും പുത്തൻ ഏട് രചിക്കുകയാണ്. മിനായിലും അറഫയിലും മുസ്ദലിഫയിലുമെല്ലാം 85 കാരിയായ മാതാവിനെ മുതുകിൽ ചുമന്നാണ് 50 കാരി ഹജ് കർമങ്ങൾ നിർവഹിക്കുന്നത്. വൃദ്ധയായ മാതാവിന് പുണ്യം ചെയ്യുന്നതിലൂടെ ദൈവിക പ്രതിഫലമാണ് താൻ ആഗ്രഹിക്കുന്നതെന്നും അങ്ങേയറ്റത്തെ സന്തോഷത്തോടെയാണ് മാതാവിനെ ചുമന്ന് നടക്കുന്നതെന്നും തീർഥാടക പറഞ്ഞു. മാതാവിനെ ചുമന്നാണ് കടുത്ത തിരക്കിൽ കല്ലേറ് കർമം നിർവഹിച്ചത്. മാതാവിനെ ചുമന്ന് നടക്കുന്നതിൽ തനിക്ക് യാതൊരുവിധ ക്ഷീണവും പ്രയാസവും അനുഭവപ്പെടുന്നില്ലെന്നും ഇവർ പറഞ്ഞു.