Sorry, you need to enable JavaScript to visit this website.

ലോക്ഡൗണിലും സേവനം സാധ്യമാണ്; മാതൃകയായി മഖ് വ കെ.എം.സി.സി

മഖ്‌വ- കോവിഡ് വ്യാപനം തടയുന്നതിനുള്ള ജാഗ്രത തുടരുന്നതിനിടയില്‍ മഖ് വ കെ.എം.സി.സി സംഘടിപ്പിച്ച രക്തദാനം അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റി.

സൗദി അറേബ്യയില്‍ പ്രവിശ്യകള്‍ക്കിടയിലുള്ള സഞ്ചാരം നിയന്ത്രിച്ചിരിക്കെ, മഖ് വ, അല്‍ബഹ ഗവണ്‍മെന്റ് ആശുപത്രികളില്‍ നേരിടുന്ന രക്ത ക്ഷാമം പരിഹരിക്കുന്നതിനായി മഖ് വഗവ: ജനറല്‍ ആശുപത്രി ഡയറക്ടര്‍ കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി രക്ത ദാനം സംഘടിപ്പിക്കാറുണ്ട്.  ആശുപത്രി അധികൃതരുടെ അഭ്യര്‍ഥന സ്വീകരിച്ച അമ്പതോളം പ്രവര്‍ത്തകര്‍ മഖ് വ ആശുപത്രിയിലെത്തി രക്തം ദാനം ചെയ്തു.  

മഖ് വജനറല്‍ ആശുപത്രി ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്.
എല്ലാ വിധ കൊറോണ മുന്‍കരുതലുകളും പാലിച്ച് കൃത്യമായ അകലം പാലിച്ചാണ് പ്രവര്‍ത്തകര്‍ ഹാളില്‍ കാത്തിരുന്നത്. നിശ്ചിത അകലത്തില്‍ ക്രമീകരിച്ച മൂന്ന് ബെഡുകളിലായി അമ്പതോളം പേരില്‍ നിന്നും രക്തം സ്വീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഞായര്‍ രാവിലെ എട്ടു മണി മുതല്‍ 12 മണി വരെയായിരുന്നു ക്യാമ്പ്.
 
ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ചടങ്ങില്‍ മഖ് വജനറല്‍ ആശുപത്രി മേധാവി സാലിം അബ്ദുല്ല അല്‍ഗാം ദി സംസാരിച്ചു. സൗദി അറേബ്യന്‍ നിയമ ചട്ടക്കൂടില്‍നിന്നുകൊണ്ട് ഇന്ത്യക്കാര്‍ വിശിഷ്യാ കേരളീയര്‍ നടത്തുന്ന മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനം തികച്ചും ശ്ലാഘനീയമാണന്ന് അദ്ദേഹം പറഞ്ഞു.

ബ്ലഡ് ബാങ്ക് മേധാവി ഫഹദ് സാലിം അഹമ്മദ് അല്‍ ഉമരി ,ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ്ജ് ഡോ. സുഹൈല്‍ റഷീദ് അല്‍ ബാഹ, കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സയീദ് അരിക്കര ,റഫീഖ് (ബാബോയ് ) എന്നിവരും സംസാരിച്ചു.  

സിറാജ് , കരീം , ഇസ്ഹാഖ് , മന്‍സൂര്‍ , അന്‍വര്‍ ,സിദ്ധീഖ് , ഷെമീര്‍ , മൊയ്തീന്‍ കോയ  എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

 

 

Latest News