Sorry, you need to enable JavaScript to visit this website.

ഉത്തരവ് തിരുത്തണമെന്ന ആവശ്യം ശക്തം; തോട്ടം തൊഴിലാളികള്‍ ജോലിക്കിറങ്ങിയില്ല

കല്‍പറ്റ-പാടികളില്‍  താമസിക്കുന്നവരെ  ജോലിചെയ്യാന്‍ അനുവദിച്ചു ചീഫ് സെക്രട്ടറി ഉത്തരവായിട്ടും വയനാട്ടില്‍ തോട്ടം തൊഴിലാളികള്‍ ജോലിക്കിറങ്ങിയില്ല. പാടികള്‍ക്കു പുറത്തു താമസിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നതിനു സാഹചര്യമുണ്ടായാല്‍ മാത്രം തോട്ടങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന നിലപാടിലാണ് തൊഴിലാളികളും ട്രേഡ് യൂണിയന്‍ നേതാക്കളും.

നിരോധനാജ്ഞയുടെ ലഘനം ഉണ്ടാകാതെയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചും ജോലി ചെയ്യാന്‍ മുഴുവന്‍ തോട്ടം തൊഴിലാളികളെയും അനുവദിക്കുന്ന വിധത്തില്‍ ചീഫ് സെക്രട്ടറി ഉത്തരവ് ഭേദഗതി ചെയ്യുന്നതിനു സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിവരികയാണ് ട്രേഡ് യൂണിയന്‍ നേതൃത്വം. ചീഫ് സെക്രട്ടറിയുടെ ഉത്തരവിലെ അപ്രായോഗികത പ്ലാന്റഷന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ അധികാരികളെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.


ജില്ലയില്‍ തേയില, കാപ്പി, ഏലം തോട്ടങ്ങളിലായി ഏകദേശം ആറായിരം തൊഴിലാളികളാണുള്ളത്. ഇവരില്‍ 70 ശതമാനവും എസ്‌റ്റേറ്റ് പാടികള്‍ക്കു പുറത്താണ് താമസം. പാടികള്‍ വാസയോഗ്യമല്ലാതായ സാഹചര്യത്തിലാണ് തൊഴിലാളി കുടുംബങ്ങളില്‍ അധികവും എസ്‌റ്റേറ്റുകള്‍ക്കു പുറത്തു താമസമാക്കിയത്. പല തോട്ടങ്ങളിലും പാടികളുടെ അറ്റകുറ്റപ്പണി വര്‍ഷങ്ങളായി നടന്നിട്ടില്ല.


ഹാരിസണ്‍, പോഡാര്‍, .വി.ടി., ചെമ്പ്ര, എല്‍സ്റ്റന്‍, പാരിസണ്‍സ് എന്നിവയാണ് ജില്ലയിലെ പ്രമുഖ സ്വകാര്യ തോട്ടങ്ങള്‍. ജില്ലാ കലക്ടര്‍ ചെയര്‍മാനും സബ്കലക്ടര്‍ മാനേജിംഗ് ഡയറക്ടറുമായ സഹകരണ സംഘത്തിനു കീഴിലുള്ള പഞ്ചാരക്കൊല്ലി  പ്രിയദര്‍ശിനി,  വനം വികസന കോര്‍പറേഷനു കീഴിലുള്ള  കമ്പലമ, ചീയമ്പം, മരിയനാട് എന്നിവയും ജില്ലയിലെ പ്രധാന തോട്ടങ്ങളാണ്. സ്വകാര്യ തോട്ടങ്ങളാണ് തൊഴിലാളികള്‍ പണിക്കിറങ്ങാതിരുന്നതുമൂലം പ്രവര്‍ത്തിക്കാതിരുന്നത്.


ഹാരിസണ്‍സ് മലയാളം പ്ലാന്റേഷനു മാത്രം സെന്റിനല്‍ റോക്ക്, അരപ്പറ്റ, ചുണ്ട, അച്ചൂര്‍, തൊവരിമല എന്നിവിടങ്ങളിലായി 14 തോട്ടം ഡിവിഷനുകളുണ്ട്. ചുണ്ടേല്‍, സെന്റിനല്‍റോക്ക്, അരപ്പറ്റ, അച്ചൂര്‍ എന്നിവിടങ്ങളിലാണ് ഹാരിസണ്‍സിന്റെ തേയില ഫാക്ടറികള്‍. റിപ്പണ്‍, നെല്ലിമുണ്ട, ഓടത്തോട് ഡിവിഷനുകള്‍ ഉള്പ്പെടുന്നതാണ് പോഡാര്‍ പ്ലാന്റേഷന്‍. റിപ്പണില്‍ ഫാക്ടറിയുമുണ്ട്. .വി.ടി. ഗ്രൂപ്പിനു ചുളുക്ക, ചോലമല എന്നിവിടങ്ങളില്‍ തേയില ഡിവിഷനും ചോലമലയില്‍ ഏലം ഡിവിഷനുമുണ്ട്. ചുളുക്കയിലാണ് തേയില ഫാക്ടറി. ജസി, തലപ്പുഴ, തേറ്റമല, തവിഞ്ഞാല്‍, ചിറക്കര ഡിവിഷനുകള്‍ അടങ്ങുന്നതാണ് പാരിസണ്‍സ് എസ്റ്റേറ്റ്. ചിറക്കരയിലാണ് ഫാക്ടറി. ജില്ലയിലെ  ഓരോ വന്‍കിട സ്വകാര്യ തോട്ടത്തിലും  സ്ഥിര, അസ്ഥിര വിഭാഗങ്ങളിലായി നൂറുകണക്കിനു തൊഴിലാളികളുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് താത്കാലിക-ദിനവേതന വിഭാഗങ്ങളിലെ തൊഴിലാളികളില്‍ അധികവും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം  പ്രതിസന്ധിയിലായ തോട്ടം തൊഴിലാളികളെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.മൂര്‍ത്തി ആവശ്യപ്പെട്ടു. തോട്ടങ്ങള്‍ തുറക്കുന്നതു സബന്ധിച്ചു ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതു ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിക്കാതെയാണെന്നു പ്ലാന്റേഷന്‍ ലേബര്‍ കോണ്‍ഗ്രസ് നേതാവ് എന്‍.വേണുഗോപാല്‍, ബി.എം.എസ് നേതാവ് പി.കെ.മുരളി എന്നിവര്‍ പറഞ്ഞു.

Latest News