കോട്ടയം- തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ആളുമായി സമ്പർക്കത്തിലേർപ്പെട്ട യുവാവ് നിരീക്ഷണത്തിലായതോടെ ഈരാറ്റുപേട്ട കോവിഡ് ആശങ്കയിൽ. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ചെങ്ങന്നൂർ സ്വദേശിയായ വ്യക്തിക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ട നടയ്ക്കൽ സ്വദേശിയെയാണ് നിരീക്ഷണത്തിലാക്കിയത്.
ചെങ്ങന്നൂർ സ്വദേശിയായ കോവിഡ് ബാധിതന്റെ ഭാര്യാ വീട് കോട്ടയത്താണ്. തബ്‌ലീഗ് സമ്മേളനം കഴിഞ്ഞെത്തിയ ആൾ കഴിഞ്ഞ 23 ന് കോട്ടയത്ത് എത്തിയിരുന്നു. ഇയാളുടെ ബന്ധുവായ ഈരാറ്റുപേട്ട സ്വദേശി ഇയാളെ സന്ദർശിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്തു. തബ്‌ലീഗ് സമ്മേളനത്തിൽപെട്ടവരെ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ചെങ്ങന്നൂർ സ്വദേശിയ്ക്ക് കോവിഡ്ബാധ സ്ഥീരീകരിച്ചത്.
നഗരസഭാ ചെയർമാൻ വി.എം. സിറാജ് ഇത് സംബന്ധിച്ച് ഫേസ്ബുക്കിലൂടെ തന്നെ അറിയിപ്പ് നൽകിയിരുന്നു. ഈരാറ്റുപേട്ട സ്വദേശിയായ യുവാവുമായി ബന്ധപ്പെട്ടവരും സമ്പർക്കത്തിലേർപ്പെട്ടവരും എത്രയും വേഗം വൈദ്യസഹായം തേടണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഇതോടെ 19 ഓളം പേർ വൈദ്യ സഹായം തേടി. ഇവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നടയ്ക്കൽ സ്വദേശിയുടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കും വിധേയനാക്കി.