കാസർകോട് - കോവിഡിനെ തുരത്താൻ ബദിയടുക്കഉക്കിനടുക്കയിലെ കാസർകോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കോവിഡ് ആശുപത്രി പ്രവർത്തന സജ്ജമായി. ഇന്ന് വൈകുന്നേരം മുതൽ കോവിഡ്-19 രോഗ ബാധിതരെ സ്വീകരിച്ച് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം നാലു ദിവസം കൊണ്ടാണ് മെഡിക്കൽ കോളേജിനെ അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തിൽ പരിവർത്തിപ്പിച്ചത്. രോഗബാധിതർക്ക് വേണ്ടി ആദ്യഘട്ടത്തിൽ ഇരുന്നൂറോളം കിടക്കകളും പത്ത് ഐ.സി.യു കിടക്കകളുമാണ് തയ്യാറാക്കിയത്.സ്ഥിതിഗതികൾ വിലയിരുത്തി പിന്നീട് 100 കിടക്കകളും പത്ത് ഐ.സി.യു കിടക്കകളും കൂടി സജ്ജമാക്കും. ഏഴു കോടി രൂപയോളം വരുന്ന അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയിൽ എത്തിച്ചത്. ഇത് കൂടാതെ കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിനായി കെ.എസ്.ഇ.ബി പത്ത് കോടി രൂപ വാഗ്ദാനംചെയ്തിട്ടുണ്ട്. ഈ തുകയിൽ നിന്നും വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിനായി നടപടി സ്വീകരിച്ചു.
ഇലക്ട്രോ കാർഡിയോഗ്രാം (ഇസിജി), മൾട്ടി പർപ്പസ് ഉപകരണങ്ങൾ തുടങ്ങിയവ ഇതിനകം എത്തിയിട്ടുണ്ട്. രാജ്യത്താകെ പ്രഖ്യാപിച്ച ലോക്ഡൗൺ കാരണം വെന്റിലേറ്റർ അടക്കമുള്ള പല ഉപകരണങ്ങളും പലയിടങ്ങളിലായി തടസപ്പെട്ട് കിടക്കുകയാണ്.
ഇത് ഉടൻ തന്നെ ആശുപത്രിയിലെത്തിക്കും. ഡോക്ടർമാർ, ഹെഡ് നഴ്സ്, സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ് എന്നിങ്ങനെ പതിനേഴോളം പേരെയായിരിക്കും ആശുപത്രിയിൽ നിയമിക്കുക. അടിയന്തര സാഹചര്യമായതിനാൽ ഇവരെ ജില്ലയിലെ മറ്റു ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നായിരിക്കും എത്തിക്കുക. മെഡിക്കൽ കോളേജിന്റെ നിർമ്മാണംപൂർത്തിയാക്കിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കാണ് ആശുപത്രിയാക്കി മാറ്റിയത്. ഇതിന്റെ വൈദ്യുതീകരണത്തിനായി കഴിഞ്ഞയാഴ്ച മെഡിക്കൽ കോളേജ് പരിസരത്ത് 160 കെ വി ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്നു. മെഡിക്കൽ കോളേജ് മാർച്ച് പതിനഞ്ചിന് ആരോഗ്യമന്ത്രി കെ. കെ ശൈലജ ഉദ്ഘാടനം ചെയ്യാനിരുന്നതായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്നാണ് പരിപാടി മാറ്റിവെച്ചത്.ജനറൽ ഒ പിക്ക് പുറമേ പ്രത്യേക വിഭാഗങ്ങളുടെ ഒ പിയും ഇതിനായി മറ്റു മെഡിക്കൽ കോളേജുകളിൽ നിന്നും വിദഗ്ധരെ എത്തിക്കുന്നതിനും തീരുമാനിച്ചിരുന്നു.
മെഡിക്കൽ കോളേജിന് 9.06 കോടിയുടെ ഉപകരണങ്ങൾ ഉടൻ ലഭ്യമാക്കും. കെ.എസ്.ഇ.ബിയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽ നിന്നുള്ള തുക ലഭിച്ചാൽ ഉടൻ മെഡിക്കൽ കോളേജിന്പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങാനാകും.15 നും 50 നും ഇടയിലുള്ള കോവിഡ് രോഗികളെ ഇവിടെ ചികിൽസിക്കും.