മലപ്പുറം- ദീർഘമേറിയതും ക്ഷമ നശിപ്പിക്കുന്നതുമായ ലോക്ഡൗൺ കാലയളവിൽ വീട്ടിലിരുന്ന് സമയം തള്ളിനീക്കാൻ വഴികളേറെ. വേറിട്ട ജോലികളുമായി ജനങ്ങൾ വീടുകളിൽ സജീവമാണിപ്പോൾ. ചിലർ വിനോദങ്ങളിൽ ഏർപ്പെടുന്നു. മറ്റു ചിലർ സാമ്പത്തിക ലാഭമുണ്ടാക്കുന്ന ജോലികളും ചെയ്യുന്നു. സമയം കളയാൻ സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന സന്ദേശങ്ങളാണ് ഏറെ പേർക്കും സഹായമാകുന്നത്.
വീട്ടിലിരുന്ന് മുടിവെട്ടലാണ് ഏറ്റവും പുതിയ ട്രെന്റ്. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസം തുടങ്ങിവെച്ച മൊട്ടയടിക്കലിനു പിന്നാലെ മറ്റിടങ്ങളിലും ഇത് ഏറ്റുപിടിച്ചു. ലോക്ഡൗണിൽ ബാർബർ ഷോപ്പുകൾ അടഞ്ഞു കിടക്കുന്നതിനാൽ പലർക്കും മുടി വെട്ടാത്തതിന്റെ അസ്വസ്ഥതയുമുണ്ട്. ഇത് പരിഹരിക്കാനാണ് വീട്ടിലുള്ളവർ തന്നെ പരസ്പരം മുടി വെട്ടിയൊതുക്കുകയോ മൊട്ടയടിക്കുകയോ ചെയ്യുന്നത്. യുവാക്കളാണ് ഇത് ഏറെയും ചെയ്യുന്നത്. ഭർത്താക്കൻമാരുടെ മുടി വെട്ടിക്കൊടുത്ത് സഹായിക്കുന്ന ഭാര്യമാരുമുണ്ട്. സ്ത്രീകളും പരസ്പരം മുടി വെട്ടിയൊതുക്കുന്നു.
പച്ചക്കറി കൃഷിയിലാണ് ഏറെ പേരും സമയം കളയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിൽ വീടുകളിൽ പച്ചക്കറി കൃഷിക്കിറങ്ങിയിട്ടുള്ളത് ആയിരക്കണക്കിന് പേരാണ്. പെട്ടെന്ന് വിളവെടുക്കുന്ന പച്ചക്കറികളിലാണ് കൂടുതൽ പേർ ശ്രദ്ധിക്കുന്നത്. ചീര പോലുള്ള ഇലകളുടെ കൃഷിയാണ് കൂടുതലായി നടക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ ഇല മുറിക്കാനാകുമെന്ന് കേട്ടതോടെ സ്ത്രീകളെല്ലാം ഇതിന് പിന്നാലെയാണ്. ചീരക്ക് പുറമെ ചെറുപയർ, വൻപയർ തുടങ്ങിയവ വിതച്ച് ഇല മുറിച്ചെടുക്കുന്നുമുണ്ട്.
ഓൺലൈൻ വിദ്യാഭ്യാസ രംഗവും സജീവമാണ്. സർക്കാരിന്റെ ഓൺലൈൻ പോർട്ടലുകൾ മുതൽ സ്‌കൂളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയും കുട്ടികൾക്കും യുവാക്കൾക്കുമായി ഓൺലൈൻ പഠന സൗകര്യമൊരുക്കിയിട്ടുണ്ട്. ലോക്ഡൗണിനെ തുടർന്ന് മദ്രസകൾ പൂട്ടിയതിന് പിന്നാലെ സമസ്തയുടെ ഓൺലൈൻ പഠനം ആരംഭിച്ചിട്ടുണ്ട്. മദ്രസ പാഠപുസ്തകങ്ങൾ ഓൺലൈനിൽ പഠിപ്പിക്കുന്ന ഈ സംവിധാനം ഒട്ടേറെ വിദ്യാർഥികൾ ഉപയോഗപ്പെടുത്തുന്നുണ്ട്.
വീട്ടിലിരിക്കുന്ന കുട്ടികൾക്ക് ഒഴിവുസമയം ഉപയോഗപ്രദവും രസകരവുമായി വിനിയോഗിക്കാൻ വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് വളാഞ്ചേരി എം.ഇ.എസ് ഹയർ സെക്കണ്ടറി സ്‌കൂൾ ഒരുക്കുന്നത്. പുസ്തകം വായിക്കൂ സമ്മാനം നേടൂ, കുറിപ്പു തയാറാക്കൽ, പത്ര വാർത്തയുടെ അടിസ്ഥാനമാക്കിയുള്ള സ്‌ക്രാപ്പ് ആൽബം, കോവിഡ് ബോധവത്കരണ വീഡിയോ, പസിൽ, അറബിക് നിഘണ്ടു നിർമാണം, വീട്ടിലെ പക്ഷി മൃഗാദികളുടെ പരിപാലന ചിത്രങ്ങൾ, സ്പോർട്സ് ക്വിസ് ഇങ്ങനെ ഇരുപത്തൊന്ന് ദിവസം നീണ്ടു നിൽക്കുന്ന മത്സരങ്ങളാണ് ഓൺലൈനായി കുട്ടികൾക്ക് നൽകിയിരിക്കുന്നത്. സ്‌കൂളിലെ മുഴുവൻ ക്ലബുകളുടെയും ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി എന്നിവയുടേയും നേതൃത്വത്തിലാണ് മത്സരങ്ങൾ നടത്തുന്നത്. മികച്ച പ്രകടനത്തിന് കാഷ് പ്രൈസ്, ട്രോഫി എന്നിവ നൽകും. പത്താം ക്ലാസ് വിദ്യാർഥികൾക്ക് സ്‌കൂളിലെ അധ്യാപകർ തയാറാക്കിയ വീഡിയോ ക്ലാസുകൾ നൽകി വരുന്നുണ്ട്. ഓൺലൈനിൽ ചോദ്യങ്ങൾ നൽകി മാതൃകാ പരീക്ഷയും നടത്തുന്നുണ്ട് ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9.45 ന് ചോദ്യങ്ങൾ നൽകും. കുട്ടികൾ രക്ഷിതാവിന്റെ സാന്നിധ്യത്തിൽ പരീക്ഷ എഴുതുകയും 12.30ന് രക്ഷിതാക്കൾ ഉത്തരക്കടലാസുകൾ ഫോട്ടോയെടുത്ത് ക്ലാസ് അധ്യാപകർക്ക് അയച്ചു കൊടുക്കുകയും വേണം.
മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിലും ഓൺലൈൻ പഠന പദ്ധതി ആരംഭിച്ചു. ഓൺലൈൻ ക്ലാസുകൾ, പരീക്ഷകൾ, തൽസമയ സഹായം എന്നിവ വഴി കുട്ടികൾക്ക് അവരുടെ വീടിന്റെ സുരക്ഷിതത്വത്തിൽ ഇരുന്ന് കൊണ്ട് പഠനം തുടരാനാകും. ഇന്ററാക്ടീവ് രീതിയിലാണ് ക്ലാസുകൾ. പഠനത്തിലെ ആധുനിക രീതികൾ പൊതു വിദ്യാലങ്ങളിലെ സാധാരണക്കാരുടെ മക്കൾക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം.
സ്‌കൂളിൽ ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ കൂട്ടായ്മയാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഗണിത അധ്യാപകനായ മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ പുരോഗി മിക്കുന്നത്. ഓൺലൈൻ ക്ലാസ് പ്രധാനാധ്യാപകൻ എം.പ്രേമദാസൻ ഉദ്ഘാടനം ചെയ്തു. അധ്യാപകനായ സുരേന്ദ്രൻ, എസ്.ആർ.ജി കൺവീനർ ബബിത എന്നിവർ ഓൺലൈനിലൂടെ ആശംസകൾ നേർന്നു.